ഈജിപ്ത് സമാധാന ഉച്ചകോടിയിൽ മോദി പങ്കെടുക്കാത്തതിൽ വിമർശനവുമായി തരൂർ. ഇന്ത്യയുടെ അയൽപക്കത്ത് നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താൻ അമ്പരന്നുപോയെന്നും തരൂർ പറഞ്ഞു.
ദില്ലി: ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് ചർച്ച ചെയ്യാൻ 20 രാജ്യങ്ങളുടെ തലവന്മാർ ഒത്തുചേർന്ന ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിനെ അയയ്ക്കാനുള്ള തീരുമാനത്തിൽ അതൃപ്തിയുമായി കോൺഗ്രസ് എംപി ശശി തരൂർ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുകെയുടെ കെയർ സ്റ്റാർമർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്. എന്നാൽ, മോദി പങ്കെടുക്കാതെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിനെ അയക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ക്ഷണം ലഭിച്ചിരുന്നു, എന്നാൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മറ്റ് ലോക നേതാക്കൾ ഈജിപ്തിലേക്ക് പോകുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമാകുമായിരുന്നെന്നും തരൂർ എക്‌സിൽ പറഞ്ഞു. തന്ത്രപരമായ സംയമനമോ അതോ അവസരം നഷ്ടപ്പെടുത്തിയതോ എന്നും അദ്ദേഹം ചോദിച്ചു, ഇന്ത്യയുടെ അയൽപക്കത്ത് നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താൻ അമ്പരന്നുപോയെന്നും തരൂർ പറഞ്ഞു. കീർത്തി വർധൻ സിംഗിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, നിലവിലുള്ള ഉന്നതരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ നിലപാട് തന്ത്രപരമായ അകലം പാലിക്കാനുള്ള സൂചനയായി കാണാൻ കഴിയുമെന്നും തരൂർ പറഞ്ഞു.
ഷാം എൽ-ഷെയ്ക്ക് സമാധാന ഉച്ചകോടി എന്ന് ഔപചാരികമായി വിളിക്കപ്പെടുന്ന ഈജിപ്ത് ഉച്ചകോടി, ചെങ്കടൽ റിസോർട്ട് നഗരമായ ഷാം എൽ-ഷെയ്ക്കിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ആതിഥേയത്വം വഹിക്കുന്നു. സിസിയും ട്രംപും ചേർന്ന് ഇതിന് നേതൃത്വം നൽകും. 2023 ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമണത്തിനിടെ പിടികൂടിയ 20 ബന്ദികളെ ഇന്ന് രാവിലെ ഹമാസ് രണ്ട് ബാച്ചുകളിലായി മോചിപ്പിച്ചു. ആദ്യ ബാച്ചിൽ ഏഴ് പേരെയും രണ്ടാമത്തേതിൽ 13 പേരെയും റെഡ് ക്രോസ് പ്രതിനിധികൾക്ക് വിട്ടുകൊടുത്തു. അതോടൊപ്പം, വെസ്റ്റ് ബാങ്ക് മേഖലയിലെ ഒരു ജയിലിൽ നിന്ന് ഇസ്രായേൽ പലസ്തീനികളെ മോചിപ്പിച്ചു.
