ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന് (Outer Ring Road Project) അനുമതി നൽകിയതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി അറിയിച്ച് (Shashi Tharoor) ശശി തരൂരിന്റെ ട്വീറ്റ്. 'രണ്ടു വർഷം മുമ്പ് ഞാൻ അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ മന്ത്രാലയത്തിനോടും ഉന്നയിച്ച തിരുവനന്തപുരത്തിന് ഏറെ ആവശ്യമായ ഔട്ടർ റിങ്റോഡ് പ്രോജക്റ്റിന് അനുമതി നൽകിയതിന് നിതിൻ ഗഡ്കരിയോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിച്ചു. പദ്ധതി നിർദേശത്തിൽ ചില മാറ്റങ്ങൾ വരുത്താൻ MoRTH ആവശ്യപ്പെട്ടിരുന്നു.' ശശി തരൂർ ട്വീറ്റിൽ പറഞ്ഞു.
ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പ്രവൃത്തി നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. സ്റ്റേറ്റ് ജി എസ് ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദേശീയ പാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിംഗ് റോഡിന് അംഗീകാരം നല്‍കണമെന്ന് മുഖ്യമന്ത്രി ദില്ലിയിലെത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ദില്ലിയില്‍ കേന്ദ്രമന്ത്രിയെ കണ്ട് പ്രത്യേകമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഔട്ടര്‍ റിംഗ് റോഡിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ , കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തി വരുകയായിരുന്നു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും ഇത് പ്രധാന അജണ്ട ആയി ചര്‍ച്ച ചെയ്യുന്നതാണ്.
