മുംബൈ: ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കൊവിഡ് കഴിഞ്ഞാല്‍ പ്രധാന ചര്‍ച്ചകളിലൊന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ തിരോധാനമാണ്. ഏപ്രില്‍ 15ന് നടന്ന, കിമ്മിന്‍റെ മുത്തച്ഛനും ഉത്തരകൊറിയയുടെ സ്ഥാപകനുമായ കിം ഇല്‍ സങിന്‍റെ ചരമവാര്‍ഷികതത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അഭ്യൂഹങ്ങളും ആരംഭിച്ചത്. കിം അതീവഗുരുതരാവസ്ഥിലെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അടുത്ത ഭരണാധികാരി കിമ്മിന്‍റെ സഹോദരി കിം യോ ജോങ് ആണെന്ന അഭ്യൂഹങ്ങളും പരന്നു.  

ഇതിനിടെ, സഹോദരനേക്കാള്‍ വലിയ ക്രൂരയായ ഭരണാധികാരിയായി കിം യോ ജോങ് മാറുമെന്ന മുന്നറിയിപ്പുമായാണ് ഇപ്പോള്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടനം. ''കിം ജോങ് ഉന്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്‍റെ സഹോദരി ഭരണമേറ്റെടുക്കുമെന്നാണ് കിംവദന്തികള്‍. എന്നാല്‍ അവര്‍ അയാളെക്കാള്‍ ക്രൂരയാണെന്നാണ് കേള്‍ക്കുന്നത്. സന്തോഷവാര്‍ത്ത എന്തെന്നാല്‍ ലോകത്തിന് ഇതോടെ ആദ്യമായി ഒരു പെണ്‍ വില്ലനെ കിട്ടും. ഒടുവില്‍ ജെയിംസ് ബോണ്ട് സത്യമാകും''- അദ്ദേഹം കുറിച്ചു. 

2017 -ൽ അമേരിക്ക പുറപ്പെടുവിച്ച മനുഷ്യാവകാശ ലംഘകരുടെ പട്ടികയിൽ ഉത്തര കൊറിയയിലെ മറ്റ് ആറു നയതന്ത്രജ്ഞരോടൊപ്പം കിം യോ ജോങും ഉൾപ്പെട്ടിരുന്നു. 2018 -ൽ പ്യോങ്ചാങ്ങിൽ നടന്ന വിന്റർ ഒളിമ്പിക്സിൽ ഉത്തരകൊറിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട് കിം യോ ജോങ്. ഉത്തരകൊറിയയിൽ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ(WPK) ഉന്നത സ്ഥാനം വഹിക്കുന്ന ഭാരവാഹി കൂടിയായ കിം യോ ജോങ്, ഇന്ന് രാജ്യത്ത് ജ്യേഷ്ഠൻ കിം ജോങ് ഉന്നിന്റെ പിൻഗാമി എന്ന നിലയിൽ പോലും കണക്കാക്കപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉത്തര കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് കിം യോ ജോങിനെ വീണ്ടും നിയമിച്ചുകൊണ്ട് തീരുമാനം വന്നത്. 

Read More: കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ ...