Asianet News MalayalamAsianet News Malayalam

ഷീന ബോറയെ കണ്ടെന്ന വെളിപ്പെടുത്തൽ; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവ്

നീക്കം സിബിഐ എതിർത്തെങ്കിലും ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 

Sheena Bora case: Court order to check cctv visuals of Guwahati Airport
Author
First Published Jan 13, 2023, 8:09 AM IST

ദില്ലി : ഷീന ബോറയെ കണ്ടെന്ന ഇന്ദ്രാണി മുഖർജിയുടെ വെളിപ്പെടുത്തലിൽ പരിശോധനയ്ക്ക് ഉത്തരവിട്ട് കോടതി.  ഗുവാഹത്തി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബോംബെയിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ജനുവരി അഞ്ചിന് മുഖർജിയുടെ അഭിഭാഷകർ വിമാനത്താവളത്തിൽ വച്ച് ഷീനയെ കണ്ടെന്നാണ് ഇന്ദ്രാണി കോടതിയിൽ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നീക്കം സിബിഐ എതിർത്തെങ്കിലും ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. 

സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്ന് സിബിഐ കണ്ടെത്തിയെങ്കിലും അത് സമ്മതിച്ച് തരാൻ ഇന്ദ്രാണി ഇപ്പോഴും ഒരുക്കമല്ല. ഷീന ജീവിച്ചിരിപ്പുണ്ടെന്ന് ഇന്ദ്രാണി ഇപ്പോഴും ആവർത്തിക്കുന്നു. പരിശോധന നടക്കുന്നതോടെ ഗുവാഹത്തി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവ് ലഭിക്കുമെന്ന ഇന്ദ്രാണിയുടെ ഒടുവിലത്തെ അവകാശവാദത്തിൽ വ്യക്തത വരും. 

Read More : പട്ടീൽ മാങ്ങ പെറുക്കിയതിൽ തുടങ്ങി, ഇന്ദ്രാണിയെ കൈവിട്ട വിധി, ഷീന ബോറ കേസിലെ അവിശ്വസനീയ നാൾവഴി

ഇന്ദ്രാണി മുഖർജിയുടെ അഭിഭാഷക സവീന ബേദിയാണ് ഷീനയെ നേരിൽ കണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നത്. കൊലപാതക കേസിൽ അറസ്റ്റിലാവുന്നതിനും മുൻപ് മുതൽ ഇന്ദ്രാണി മുഖർജിയും ആയി അടുപ്പമുള്ള അഭിഭാഷകയാണ് ഇവർ. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയിൽ വിമാനത്താവളത്തിൽ വച്ച്  ഷീനയെ പോലെ ഒരാളെ കണ്ടു. സംശയം തീർക്കാൻ ഒപ്പമുള്ള സഹപ്രവർത്തകനുമൊത്ത് ഒരു പദ്ധതി തയ്യാറാക്കി. ഷീനയെ പുറകിൽ കാണാൻ കഴിയും വിധം സവീന ഒരു വീഡിയോ ചിത്രീകരിച്ചു. ആരെങ്കിലും ശ്രദ്ധിച്ചാലും സഹപ്രവർത്തകൻ സവീനയുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് തോന്നും വിധമായിരുന്നു ഇത്. ഈ വീഡിയോ സ്ഥിരീകരണത്തിനായി ഇന്ദ്രാണിക്കയച്ചു. തുടർന്നാണ് പ്രത്യേക സിബിഐ കോടതിയെ ഇന്ദ്രാണി സമീപിച്ചത്.

ഷീനാ ബോറ കൊലക്കേസ് വിചാരണ ഘട്ടത്തിലാണ്. സാക്ഷി വിസ്താരം മന്ദഗതിയിൽ അനന്തമായി നീണ്ട് പോയതിനെ തുടർന്നാണ് ഇന്ദ്രാണിക്ക് കഴിഞ്ഞ വർഷം ജാമ്യം ലഭിച്ചത്. വിചാരണ ഘട്ടത്തിൽ മുൻപും ഷീന ബോറ മരിച്ചിട്ടില്ലെന്ന അവകാശ വാദം ഇപ്പോഴത്തേത് പോലെ ഇന്ദ്രാണി നടത്തിയിട്ടുണ്ട്. 2021ൽ ഷീനയെ കശ്മീരിൽ കണ്ടെന്നായിരുന്നു ആദ്യത്തേത്. അന്ന് സിബിഐ ഡയറക്ടർക്ക് കത്തയക്കുകയും ചെയ്തു. ബൈക്കുള ജയിലിൽ കഴിയുമ്പോൾ ഒരു പോലീസുകാരി ഷീനയെ കശ്മീരിൽ കണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് ഇന്ദ്രാണി അവകാശപ്പെട്ടത്. എന്നാൽ വിചാരണ തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്ന് അന്ന് സിബിഐ കോടതിയിൽ നിലപാടെടുത്തു. ഭാവനയിൽ തോന്നുന്നത് പറഞ്ഞാൽ നിയമപരമാവില്ലെന്ന ആ നിലപാട് അന്ന് കോടതിയും അംഗീകരിച്ചു. ഇപ്പോഴത്തെ  അവകാശവാദത്തോടും ഇതേ നിലപാടാവും സിബിഐയുടേത്. 

Read More : ഷീനാ ബോറ മരിച്ചിട്ടില്ല?! ഗുവാഹത്തി വിമാനത്താവളത്തിൽ കണ്ടത് ഷീനാ ബോറയെയോ?

Follow Us:
Download App:
  • android
  • ios