ജമ്മു കശ്മീര്‍: കശ്മീരിലെ ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിനിയുമായ ഷെഹ്‌ലാ റാഷിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്. കശ്മീരിലെ രാഷ്ട്രീയത്തിന്‍റെ ഭാഗമാകാനായ വന്‍തുക വാങ്ങിയെന്നും മകള്‍ നടത്തുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് ഷെഹ്‌ലാ റാഷിദിന്‍റെ പിതാവ് അബ്ദുള്‍ റാഷിദ് ഷോറ ആവശ്യപ്പെടുന്നത്. ഷെഹ്ലയും മകളുടെ സുരക്ഷാ ഗാര്‍ഡും ഭാര്യയും ഷെഹ്ലയുടെ സഹോദരിയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നു. 

മൂന്ന് കോടി രൂപയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ ഷെഹ്ല വാങ്ങിയത്. മുന്‍ എംഎല്‍എ റാഷിദും, സഹൂര്‍ വത്താലി എന്ന ബിസിനസുകാരനില്‍ നിന്നുമാണ് പണം വാങ്ങിയതെന്നും അബ്ദുള്‍ റാഷിദ് ഷോറ ആരോപിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന് എന്‍ഐഎ അറസ്റ്റ് ചെയ്തവരാണ് ഇവരെന്നും ഡിജിപിക്കുള്ള കത്തില്‍ ഷെഹ്ലയുടെ പിതാവ് വിശദമാക്കുന്നു. മകളുടേയും ഭാര്യയുടേയും ബാങ്ക് അക്കൌണ്ടുകള്‍ പരിശോധിക്കണമെന്നും പൊലീസിനോട്  അബ്ദുള്‍ റാഷിദ് ഷോറ ആവശ്യപ്പെടുന്നു.

എന്നാല്‍ ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുടെ പേരിലാണ് അബ്ദുള്‍ റാഷിദ് ഷോറയുടെ ആരോപണങ്ങള്‍ എന്നാണ് ഷെഹ്ല വിശദമാക്കുന്നു.  വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണ് ആരോപണങ്ങളെന്നും ഷെഹ്ല കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ കോടതിയില്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ജീവശാസ്ത്രപരമായ പിതാവിനെതിരായ വന്ന വിധിയാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് വിശദമാക്കി ഷെഹ്ല ട്വീറ്റ് ചെയ്തു. 

അമ്മ ഗാര്‍ഹിക പീഡനം ഏറെക്കാലം സഹിച്ചു. ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയി. എന്നാല്‍ കുടുംബത്തെ കരുതി ഇത്രകാലം അമ്മ മിണ്ടാതെ നിന്നു. ഇപ്പോള്‍ അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കി. കോടതി വിധി വന്നതോടെ തന്നേയും സഹോദരിയേയും  അപമാനിക്കാനുള്ള ശ്രമത്തിലാണ് ജീവശാസ്ത്രപരമായ പിതാവെന്നുമാണ് ആരോപണങ്ങളേക്കുറിച്ച് ഷെഹ്ല വിശദമാക്കുന്നത്. വളരെ അടുത്ത ബന്ധുവിന്‍റെ നിര്യാണത്തിന്‍റെ വൃഥയ്ക്കിടെയാണ് അബ്ദുള്‍ റാഷിദ് ഷോറയുടെ ഈ നടപടിയെന്നും ഷെഹ്ല വിശദമാക്കുന്നു. കുടുംബപരമായ കാര്യമാണെങ്കില്‍ കൂടിയും ആരോപണത്തിന്‍റെ ഗൌരവം കണക്കിലെടുത്താണ് പ്രതികരിക്കുന്നതെന്നും ഷെഹ്ല  വിശദമാക്കുന്നു.