ദില്ലി: പൗരത്വ നിയമത്തിൽ വീണ്ടും മാറ്റം വേണമെന്ന് ശിരോമണി അകാലിദൾ. മുസ്ലിങ്ങളെ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തിൽ ഇതിന് ഭേദഗതി കൊണ്ടുവരണമെന്നും അകാലിദൾ ആവശ്യപ്പെട്ടു. എൻഡിഎക്കുള്ളിൽ ചർച്ച നടക്കാത്തതിൽ പല ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടെന്നും അകാലിദൾ അറിയിച്ചു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിലെ ഭൂരിഭാ​ഗം അം​ഗങ്ങളും അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദൾ രാജ്യസഭാ എംപി നരേഷ് ​ഗുജ്റാൾ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണെന്നും സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാർട്ടി മേധാവിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്താനിലും പാകിസ്താനിലും 60,000നും 70,000നും ഇടയ്ക്ക് മുസ്ലീങ്ങളെ താലിബാന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നത് വലിയ പ്രശ്‌നമാണ്. ഇതില്‍ ഇന്ത്യയിലേയ്ക്ക് വന്നവര്‍ 10-12 വര്‍ഷമായി പൗരത്വമില്ലാതെ കഴിയുകയാണെന്നും നരേഷ് ഗുജ്റാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

നിതീഷ് കുമാറിന്‍റെ ജെഡിയു, രാം വില്വാസ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടി, അസം ഗണം പരിഷത്ത് എന്നീ എന്‍ഡിഎ ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബിജെപിക്കെതിരെ നിലപാട് ശക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു.

മൂന്ന് പാര്‍ട്ടികളും പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ നിലപാടാണ് പാര്‍ലമെന്‍റില്‍ സ്വീകരിച്ചതെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററില്‍ വിഭിന്ന നിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ അസമിലുണ്ടായ വ്യാപക പ്രക്ഷോഭമാണ് മുന്‍നിലപാടില്‍ നിന്നും അസം ഗണം പരിക്ഷത്തിനെ പിന്നോക്കം വലിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് അസം ഗണം പരിക്ഷത്ത്.

Read More: പൗരത്വ രജിസ്റ്ററില്‍ എന്‍ഡിഎയില്‍ ഭിന്നത ശക്തം: മുന്നണിയോഗം വിളിക്കണമെന്ന് ജെഡിയു, ഒപ്പം കൂടി രണ്ട് ...