വലിയ പ്രതികരണമാണ് ചിത്രത്തിന് സോഷ്യൽമീഡിയയിൽ ലഭിച്ചത്. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വന്നു.

ദില്ലി: ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കൊപ്പം കൊടുംതണുപ്പിൽ ചെറിയ കുട്ടി ധോത്തി (മുണ്ട്) മാത്രം ധരിച്ച് നടക്കുന്ന ചിത്രം വൈറൽ. സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖറിന്റെ വേഷം ധരിച്ചാണ് കുട്ടി ഷർട്ടിടാതെ മുണ്ട് മാത്രം ധരിച്ച് കൊടും തണുപ്പിൽ യാത്രക്കൊപ്പം രാഹുലിന്റെ കൈപിടിച്ച് നടന്നത്. വലിയ പ്രതികരണമാണ് ചിത്രത്തിന് സോഷ്യൽമീഡിയയിൽ ലഭിച്ചത്. അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വന്നു. യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് അണികള്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ കൊടുംതണുപ്പിൽ കുട്ടിയെ ഷർട്ടും ജാക്കറ്റും ധരിപ്പിക്കാതെ കുട്ടിയെ നടത്തിച്ചത് ശരിയായില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ രം​ഗത്തെത്തി.

4 ഡിഗ്രി താപനിലയിൽ, കുട്ടിയെ വസ്ത്രം ധരിക്കാതെ നടത്തിക്കാൻ നാണമില്ലാത്തവർക്കേ സാധിക്കൂവെന്ന് ബ​ഗ്​ഗ വിമർശിച്ചു. കൊടും തണുപ്പിൽ ഷർട്ടും ടീ ഷർട്ടും ധരിക്കാതെ കുട്ടിയുമായി രാഹുൽ ഗാന്ധി നടന്നതിനെതിരെ അഭിഭാഷകയായ ചാന്ദ്‌നി പ്രീതി വിജയകുമാർ ഷായും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് കത്തെഴുതി. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു കുട്ടിയുടെ അവകാശം ലംഘിച്ചത് ശരിയായില്ലെന്നും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അഭിഭാഷക പറഞ്ഞു. കോൺഗ്രസ് കുട്ടികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഹിന്ദുമതത്തിൽ വലിയ പ്രാധാന്യമുള്ള പുണൂൽ ധരിച്ചാണ് കുട്ടി രാഹുലിനൊപ്പം നടന്നതെന്നും ഇവർ ആരോപിച്ചു. കൊടും തണുപ്പിലും വെള്ള ടീ ഷർട്ടിൽ ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.

Scroll to load tweet…