ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനെ തിരിച്ചടിച്ച ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് ശിവസേന നേതാവ് സജ്ഞയ് റൗത്ത്. എന്നാല്‍ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ വകവരുത്തുന്നത് വരെ  പക അടങ്ങില്ലെന്നും സജ്ഞയ് പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത  വ്യോമസേനയുടെ പൈലറ്റുമാരേയും സജ്ഞയ് റൗത്ത് അഭിനന്ദിച്ചു. 

ഇന്ത്യന്‍ വ്യോമസേന നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് ഭീകര  ക്യാമ്പുകളാണ് തകര്‍ന്നത്.  ബാലകോട്ട് അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 300ഓളം പേർ കൊല്ലപ്പെട്ടതായാണ് സൂചന. പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഹരിയാനയിലെ അംബാലയിലെ എയര്‍ബേസിൽ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേന സംഘം പുറപ്പെട്ടത്. 

പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങൾ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം  ഓപ്പറേഷൻ അവസാനിപ്പിക്കുകയും ചെയ്തു.  21 മിനിറ്റ് നീണ്ട ഓപ്പറേഷന്‍ ആണ് പാക് മണ്ണിൽ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജയ്ഷെ മുഹമ്മദിന്‍റെ പ്രധാന ആസ്ഥാനങ്ങളിൽ ഒന്നാണ്.