മുംബൈ: മഹാരാഷ്ട്രയില്‍  സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ബിജെപി-ശിവസേന തര്‍ക്കത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കത്തയച്ച് ശിവസേന നേതാവ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി അടുത്ത ബന്ധമുള്ള ശിവസേന നേതാവ് കിഷോര്‍ തിവാരിയാണ് മോഹന്‍ ഭാഗവതിന് കത്തയച്ചത്.

തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് കാരണമെന്നും ആര്‍എസ്എസ് ഇതില്‍ ഇടപെട്ട് തര്‍ക്കം ഒത്തുതീര്‍പ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആര്‍എസ്എസ് കത്തിനോട് പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്നും പ്രധാന വകുപ്പുകള്‍ ലഭിക്കണമെന്നതുമാണ് ശിവസേനയുടെ അവശ്യം. എന്നാല്‍ ഇത് ബിജെപി ഇതുവരെ സമ്മതിച്ചിട്ടില്ല. ദേവേന്ദ്ര ഫട്നാവിസ് തന്നെ അടുത്ത അഞ്ച് കൊല്ലം മുഖ്യമന്ത്രിയായി തുടരണം എന്ന വാശിയിലാണ് ബിജെപി. ശിവസേനയുടെ ഭീഷണിക്ക് വഴങ്ങേണ്ടെന്നതാണ് ബിജെപിയുടെ നിലവിലുള്ള നിലപാട്.

അതേസമയം മഹാരാഷ്ട്രയിൽ ശിവസേനയുമായി ധാരണയിലെത്തിയില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. ഇപ്പോള്‍ മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് ശിവസേന. ശിവസേനയ്ക്ക് 56 എംഎല്‍എമാരാണ് ഉള്ളത്.  രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന നിലയില്‍ ശിവസേന വേണമെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കും.  എന്‍സിപിയും, കോണ്‍ഗ്രസും പിന്തുണച്ചാല്‍ ഈ അവകാശവാദത്തിന് 170 അംഗങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ശിവസേന അവകാശപ്പെടുന്നു.

നവംബര്‍ 8നാണ് നിലവിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ നവംബര്‍ 7ന് എങ്കിലും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണം. നവംബര്‍ 8 കഴിഞ്ഞാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവില്‍ വരും.