ഫ്ലാറ്റുകളുടെ വാസ്തു ശരിയല്ലെന്നും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ വാസ്തുപ്രകാരം ചില മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് വാസ്തു വിദഗ്ധന്‍ അറിയിച്ചത്.

മുംബൈ: മുംബൈയില്‍ വാസ്തു ശരിയല്ലെന്ന പേരില്‍ ലോട്ടറി അടിച്ച ആഢംബര ഫ്ലാറ്റുകള്‍ തിരികെ നല്‍കി ശിവസേന അംഗം. മഹാരാഷ്ട്ര ഹൗസിംഗ് ഏരിയ ആന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ ലോട്ടറിയിലൂടെ ലഭിച്ച അഞ്ച് കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് ഫ്ലാറ്റുകളാണ് ശിവസേനാംഗം വിനോദ് ഷിര്‍ക്കെ തിരിച്ചുനല്‍കിയത്. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ ശാഖാ മുഖ്യന്‍ ആണ് ഇയാള്‍. 

ഇതാദ്യമായാണ് മഹാരാഷ്ട്ര ഹൗസിംഗ് ഏരിയ ആന്‍ഡ് ഡവലപ്മെന്‍റ് അതോറിറ്റിയുടെ ലോട്ടറി നറുക്കെടുപ്പില്‍ ഇത്ര വലിയ തുകയുടെ ഫ്ലാറ്റുകള്‍ ഒരാള്‍ക്ക് ലഭിക്കുന്നത്. 

ഫ്ലാറ്റുകളുടെ വാസ്തു ശരിയല്ലെന്നും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ വാസ്തുപ്രകാരം ചില മാറ്റങ്ങള്‍ വരുത്തണമെന്നുമാണ് വാസ്തു വിദഗ്ധന്‍ അറിയിച്ചത്. എന്നാല്‍ ആഢംബര ഫ്ലാറ്റുകളില്‍ മാറ്റം വരുത്താനുളള പണം ഇല്ലാത്തതിനാലാണ് ഫ്ലാറ്റുകള്‍ തിരികെ നല്‍കിയതെന്നായിരുന്നു വിനോദ് ഷിര്‍ക്കെയുടെ മറുപടി.

ഒരു കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളാണ് ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ചത്. 4.99 കോടിയും 5.08 കോടിയും വിലമതിക്കുന്ന ഫ്ലാറ്റുകളുടെ വാസ്തു ശരിയല്ലെന്ന് വാസ്തു വിദഗ്ധന്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയത്തിലും ജീവിതത്തിലും ഉയര്‍ച്ച ലഭിക്കണമെങ്കില്‍ വാസ്തുദോഷം പരിഹരിക്കണമെന്നായിരുന്നു വാസ്തു വിദഗ്ധന്‍ പറഞ്ഞത്. പരിഹാരക്രിയകള്‍ക്ക് ഏകദേശം ആറുകോടിയോളം രൂപ ചെലവ് വരുന്നതിനാല്‍ ഫ്ലാറ്റുകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു- വിനോദ് ഷിര്‍ക്കെ എ എന്‍ ഐയോട് പറഞ്ഞു.