Asianet News MalayalamAsianet News Malayalam

170 എംഎൽഎമാര്‍ ഒപ്പമുണ്ട്: ശരത് പവാര്‍ ഉദ്ധവ് താക്കറെ സംയുക്ത വാര്‍ത്താ സമ്മേളനം, ഒപ്പം വിമത എംഎൽഎമാരും

ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധം

Shiv Sena ncp leaders address the media in Mumbai after maharashtra politics
Author
Mumbai, First Published Nov 23, 2019, 12:57 PM IST

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുടെ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന എൻസിപി നേതാക്കളും രംഗത്ത്. എൻസിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. 170 എംഎൽഎമാര്‍ ഒപ്പമുണ്ട്. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ശരത് പവാര്‍ പറഞ്ഞു, 

പതിനൊന്ന് എംഎൽഎമാരാണ് അജിത് പവാറിനൊപ്പം ഉള്ളത്. ഇതിൽ പലരും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശരത് പവാര്‍ അവകാശപ്പെട്ടു. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും ശരത് പവാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം സേന എൻസിപി സഖ്യത്തിനുണ്ടെന്നാണ് നേതാക്കൾ ആവര്‍ത്തിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ഓര്‍ക്കണമെന്നും ശരത് പവാര്‍ ഓര്‍മ്മിപ്പിക്കുന്നു. 

അജിത് പവാറിനൊപ്പം എംഎൽഎമാര്‍ ഇല്ല. അഗബലം തെളിയിക്കാൻ ബിജെപി അജിത് പവാര്‍ സഖ്യത്തിന് കഴിയില്ലെന്നും സംയുക്ത വാര്‍ത്ത സമ്മേളനത്തിൽ അഭിപ്രായം ഉയര്‍ന്നു. അതിനിടെ വിമത എം എൽ എ മാരെ ശരത് പവാർ സംയുക്ത വാര്‍ത്താ സമ്മേളനത്തിനെത്തിച്ചതും ശ്രദ്ധേയമായി. മൂന്ന് എംഎൽഎമാരാണ് ചതിക്കപ്പെട്ടെന്ന വിശദീകരണവുമായി വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തത്. എം എൽ എ മാർ നേരത്തെ തന്നെ ഒപ്പിട്ട ലിസ്റ്റ് അജിത് പവാർ ദുരുപയോഗം ചെയ്തതാവാമെന്നാണ് ശരത് പവാറിന്‍റെ വിശദീകരണം. 

ദേവേന്ദ്ര ഫ‍ഡ്നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ നേതാക്കൾ വെല്ലുവിളിക്കുന്നത്. ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് അജിത് പവാർ രാജ് ഭവനിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് വിമത എംഎൽഎ ഷിംഖനേ പറഞ്ഞു. 

അതിനിടെ അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികൾക്കും തുടക്കമായെന്നാണ് ശരത് പവാര്‍ പറയുന്നത്. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎൽഎമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍ പറഞ്ഞു 

Follow Us:
Download App:
  • android
  • ios