ദില്ലി: രാമജന്മഭൂമി ട്രസ്റ്റ് തലവന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റീനിൽ പോവാത്തതെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന ചോദ്യവുമായി രം​ഗത്തെത്തിയത്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നൃത്യ ഗോപാലിനൊപ്പം വേദി പങ്കിട്ടിരുന്നു. 

"75 കാരനമായ നൃത്യ ഗോപാല്‍ ദാസ് ഓഗസ്റ്റ് 5ന് നടന്ന ഭൂമിപൂജ ചടങ്ങില്‍ വേദി പങ്കിട്ടിരുന്നു. അദ്ദേഹം മാസ്‌ക് ധരിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. മോദി അദ്ദേഹത്തിന് ഹസ്തദാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നരേന്ദ്രമോദിയും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതുണ്ട്" സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചിരുന്നു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും കൊവിഡ് ബാധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം ഈ രോഗഭീഷണിയുടെ നിഴലിലാണെന്നും സാമ്നയിൽ പറയുന്നു.

ഓഗസ്ത് 5നായിരുന്ന അയോധ്യയിൽ ഭൂമിപൂജ നടന്നത്. നരേന്ദ്ര മോദിയും നൃത്യ ഗോപാല്‍ ദാസും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും ഉള്‍പ്പെടെ 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഭൂമിപൂജ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, രാമക്ഷേത്രത്തിലെ പൂജാരികളിലൊരാളായ പ്രദീപ് ദാസിനും പതിന്നാല് പൊലീസുദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവായിരുന്നു. 

അൺലോക്ക് രണ്ടാം ഘട്ടത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയപ്പോൾ അയോധ്യയിലെ താൽക്കാലിക ക്ഷേത്രവും തുറന്നിരുന്നു. ഈ വർഷം ആദ്യം നടക്കേണ്ടിയിരുന്ന ഭൂമിപൂജ, കൊവിഡ് പ്രതിസന്ധി മൂലം നീണ്ട് പോകുകയായിരുന്നു.