ഫെബ്രുവരി 21ന് ബസ് കണ്ടക്ടറോട് കന്നട സംസാരിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ ആക്രമിച്ചതാണ് പെട്ടന്ന് ഇരു സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെടാൻ കാരണമായത്.

സോളാപൂർ: കർണാടക ബസ് തടഞ്ഞ് ഡ്രൈവറെ കുങ്കുമം അണിയിച്ച് ജയ് മഹാരാഷ്ട്ര എന്ന് വിളിപ്പിച്ച് ശിവസേനാ പ്രവർത്തകർ. തിങ്കളാഴ്ച സോളാപൂരിലാണ് സംഭവം. ഇതിന് പിന്നാലെ ബസിന് മുകളിലും ശിവസേനാ അനുകൂല മുദ്രാവാക്യങ്ങളും പ്രവർത്തകർ കുറിച്ചു. ജയ് മഹാരാഷ്ട്ര എന്നാണ് കർണാടകയിൽ നിന്നുള്ള ബസിന് മുകളിൽ ശിവസേന പ്രവർത്തകർ കുറിച്ചു. ഛത്രപതി ശിവാജി മഹാരാജ് കി ജയ് , ജയ് മഹാരാഷ്ട്ര, ജയ് ഭവാനി വിളികളോടെയായിരുന്നു അക്രമം.

സമാനമായ രീതിയിലുള്ള സംഭവങ്ങൾക്ക് പിന്നാലെ കോളാപൂരിനും കർണാടകയ്ക്കും ഇടയിലുള്ള ബസ് സർവ്വീസ് താൽക്കാലികമായി റദ്ദ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ സർവ്വീസ് പുനരാരംഭിച്ചെങ്കിലും സുരക്ഷ പരിഗണിച്ച് വീണ്ടും റദ്ദാക്കുകയായിരുന്നു. 120 ബസുകളാണ് ദിവസേന മഹാരാഷ്ട്രയിലെ നിപണി വഴി സർവ്വീസ് നടത്തുന്നത്. കന്നഡ ഭാഷ പ്രശ്നത്തിലാണ് നിലവിൽ ഇരു സംസ്ഥാനങ്ങൾ തമ്മിൽ പ്രശ്നം രൂപപ്പെട്ടിട്ടുള്ളത്. 

സമാനമായ സംഭവങ്ങൾ പൂനെയിലെ പല മേഖലയിലും നടന്നിരുന്നു. കന്നട ഭാഷയിലുള്ള ബോർഡുകളോട് കൂടിയ ബസുകൾക്ക് നേരെയാണ് ശിവസേന പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 21ന് ബസ് കണ്ടക്ടറോട് കന്നട സംസാരിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ ആക്രമിച്ചതാണ് പെട്ടന്ന് ഇരു സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെടാൻ കാരണമായത്.

Scroll to load tweet…

ആക്രമണത്തിനിരയായ കണ്ടക്ടർ ബെലഗാവിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. എന്നാൽ ഈ കണ്ടക്ടർ പ്രായപൂർത്തിയാവാത്ത യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കണ്ടക്ടറെ മർദ്ദിക്കാൻ കാരണമായതെന്നാണ് ഇയാൾക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം