പെൺകുട്ടികളുടെ കാലുകൾ കഴുകി നമസ്കരിച്ചു; മുഖ്യമന്ത്രിയുടെ വീട്ടിൽ 'കന്യാപൂജ', പങ്കെടുത്ത് ബിജെപി നേതാക്കൾ
ശിവരാജ് ചൗഹാൻ പെൺകുട്ടികളുടെ മേൽ പൂക്കൾ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്കരിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി പെൺകുട്ടികൾക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നൽകുകയും ചെയ്തു.

ഭോപ്പാല്‍: നവമിയോടനുബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ വീട്ടിൽ 'കന്യാപൂജ' നടന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൂജയിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുത്തു. ഭോപ്പാൽ നോർത്ത്, ഭോപ്പാൽ സെൻട്രൽ, ഭോപ്പാൽ സൗത്ത് വെസ്റ്റ്, നരേല, ഹുജൂർ, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർത്ഥികൾ 300 ലധികം പെൺകുട്ടികളെ ആരാധിച്ച പൂജയിൽ പങ്കെടുത്തു.
ശിവരാജ് ചൗഹാൻ പെൺകുട്ടികളുടെ മേൽ പൂക്കൾ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്കരിക്കുകയും ചെയ്തു. പൂജയുടെ ഭാഗമായി പെൺകുട്ടികൾക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നൽകുകയും ചെയ്തു. അതേസമയം, സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശില്‍ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു.
ഭോപ്പാലില്‍ നേതാവിന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് സീത്രീകള്‍ പ്രതിഷേധിച്ചു. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയാണ്. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്ര മന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേർന്ന് കയ്യേറ്റം ചെയ്തു. ഒരു മണിക്കൂറോളമാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി. ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന , ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാർട്ടിയില്‍ പ്രതിഷേധം ഉണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.