Asianet News MalayalamAsianet News Malayalam

'മഹാ'രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു; പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കാന്‍ ശിവസേനാ തീരുമാനം

സർക്കാരിനെതിരായ ഹർജിയിൽ സുപ്രീംകോടതി നാളെ വീണ്ടും വാദം കേൾക്കാനിരിക്കേയാണ് ശിവസേനയുടെ നീക്കം.   അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എൻസിപിയുടെ ശ്രമങ്ങൾ ഇന്ന് പാളിയിരുന്നു. 

shivsena will protest in parliament on maharashtra politics
Author
Delhi, First Published Nov 24, 2019, 9:08 PM IST

ദില്ലി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ പാര്‍ലമെന്‍റിന്‍റ ഇരുസഭകളിലും പ്രതിഷേധിക്കാന്‍ ശിവസേനയുടെ തീരുമാനം. ഇതു സംബന്ധിച്ച നോട്ടീസ് ശിവസേന നല്കിക്കഴിഞ്ഞതായാണ് വിവരം. 

സർക്കാരിനെതിരായ ഹർജിയിൽ സുപ്രീംകോടതി നാളെ വീണ്ടും വാദം കേൾക്കാനിരിക്കേയാണ് ശിവസേനയുടെ നീക്കം.   അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എൻസിപിയുടെ ശ്രമങ്ങൾ ഇന്ന് പാളിയിരുന്നു. ബിജെപിക്കൊപ്പം സ്ഥിരതയുള്ള സർക്കാരുണ്ടാക്കുമെന്ന് അജിത് പവാർ ട്വീറ്റ് ചെയ്തു. അതേസമയം  ഭൂരിപക്ഷം ഉറപ്പിക്കാൻ ശരദ് പവാറിനെ തന്നെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപി.

എൻസിപി നേതൃത്വത്തിന്‍റെ കണക്ക് പ്രകാരം അഞ്ച് എംഎൽഎമാർ മാത്രമാണ് അജിത് പവാറിനൊപ്പമുള്ളത്. അതിൽ മൂന്ന് പേരും ഉടൻ തിരികെയെത്തുമെന്ന് എൻസിപി വക്താവ് നവാബ് മാലിക് പറയുന്നു. സമ്മർദ്ദത്തിലായ അജിത് പവാറിനെ തിരികെയെത്തിക്കാൻ രാവിലെ മുതൽ പവാർ ശ്രമം തുടങ്ങിയിരുന്നു.  എംഎൽഎ ദിലീപ് വൽസേ പാട്ടീൽ അജിത് പവാറിനെ വസതിയിലെത്തി കണ്ടു. പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീൽ ഉച്ചയോടെ ഫോണിൽ വിളിച്ച് തിരികെയെത്താൻ ആവശ്യപ്പെട്ടു. വഴങ്ങിയില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് അജിത് പവാർ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

ട്വിറ്ററിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയെന്ന് അജിത് പവാര്‍ രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, പവായിലെ റിനൈസൻസ് ഹോട്ടലിൽ താമസിപ്പിച്ചിട്ടുള്ള എൻസിപി എംഎൽഎമാരെ കാണാൻ പവാറും ഉദ്ദവ് താക്കറെയും  ഇന്ന് ഒരുമിച്ചെത്തി . ആദിത്യാ താക്കറെയെക്കൊപ്പമുള്ള ഫോട്ടോ ട്വീറ്ററിൽ പങ്കുവച്ച് സുപ്രിയാ സുലേ ബാന്ധവം ശക്തമാണെന്ന സൂചന നൽകി. 

കോൺഗ്രസ് എംഎൽഎമാരെ ഇന്ന് രാവിലെ അന്ധേരിയിലെ മാരിയറ്റ് ഹോട്ടലിലേക്കും മാറ്റിയിരുന്നു. എൻസിപി സേനാ കോൺഗ്രസ് സഖ്യം ദൃഢമാവുന്നതും അജിത് പവാറിന്‍റെ കരുത്ത് കുറഞ്ഞതും ബിജെപി ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ മന്ത്രിസ്ഥാനങ്ങളടക്കം വാഗ്ദാനം ചെയ്ത് ബിജെപിയുടെ  രാജ്യസഭാ  എംപി സഞ്ജയ് കാക്ഡേ ശരദ് പവാറിന്‍റെ വസതിയിലെത്തി. എന്നാൽ പവാർ വഴങ്ങിയില്ല.ബിജെപി നേതാക്കൾ പവാറിനെ തേടിയെത്തിയതറിഞ്ഞ് കോൺഗ്രസ് നേതാവ് അശോക് ചവാൻ പിന്നാലെ ഓടിയെത്തി. വാദ്ഗാനങ്ങളെല്ലാം തള്ളിയെന്ന് പവാർ വിശദീകരിച്ചു.


  

Follow Us:
Download App:
  • android
  • ios