''നമ്മുടെ രാജ്യത്ത് ജീവിച്ചിട്ട് , നമ്മുടെ ആഹാരവും നമ്മുടെ വെള്ളവും ഭക്ഷിച്ച്, (അവർ അങ്ങനെ ചെയ്യുന്നെങ്കിൽ) അത്തരത്തിൽ മുദ്രാവാക്യം മുഴക്കുകയാണെങ്കിൽ അവരെ കാണുന്നിടത്ത് വച്ച് വെടിവയ്ക്കണം.'' അപ്പാച്ചു രഞ്ജൻ പറഞ്ഞു. അത്തരം ആളുകൾക്ക് നിയമ സഹായം നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കുന്നവരെ കാണുന്നിടത്ത് വച്ച് വെടിവച്ച് വീഴ്ത്തണമെന്ന് പ്രസ്താവിച്ച് കർണാടക എംഎൽഎ. കർണാടക കൃഷിമന്ത്രി ബി സി പാട്ടീലും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിന് ശേഷമാണ് കർണാടകയിലെ കൊടക് ജില്ലയിൽ നിന്നുള്ള എംഎൽഎ ആയ പി അപ്പാച്ചു രഞ്ജൻ രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബം​ഗളൂരുവിൽ സംഘടിപ്പിച്ച പൗരത്വ നിയമ ഭേദ​ഗതി വിരുദ്ധ റാലിയിൽ വച്ച് പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

''ബം​ഗളൂരുവിൽ പൗരത്വ നിയമ ഭേദ​ഗതി വിരുദ്ധ റാലിയിൽ വച്ച് ഒരു യുവതി പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തിയിരുന്നു. നമ്മുടെ രാജ്യത്ത് ജീവിച്ചിട്ട് , നമ്മുടെ ആഹാരവും നമ്മുടെ വെള്ളവും ഭക്ഷിച്ച്, (അവർ അങ്ങനെ ചെയ്യുന്നെങ്കിൽ) അത്തരത്തിൽ മുദ്രാവാക്യം മുഴക്കുകയാണെങ്കിൽ അവരെ കാണുന്നിടത്ത് വച്ച് വെടിവയ്ക്കണം.'' അപ്പാച്ചു രഞ്ജൻ പറഞ്ഞു. അത്തരം ആളുകൾക്ക് നിയമ സഹായം നൽകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും അവർ അവിടെ ജീവിക്കട്ടെയെന്നുമായിരുന്നു എംഎൽഎയുടെ അഭിപ്രായ പ്രകടനം. അത്തരക്കാരോട് ഒരിക്കലും മൃദുസമീപനം പാടില്ല. ഈ വിഷയം കോടതിയിലെത്തിയാൽ ഇവരെ പിന്തുണയ്ക്കാൻ അഭിഭാഷകർ തയ്യാറാകരുതെന്നും താൻ അഭ്യർത്ഥിക്കുന്നതായി അപ്പാച്ചു പറഞ്ഞു.

ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്കും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവര്‍ക്കും എതിരെ ഷൂട്ട് അറ്റ് സൈറ്റ് നിയമം ആവശ്യമാണെന്ന് കർണാടക കൃഷി മന്ത്രി ബി സി പാട്ടീൽ പറഞ്ഞിരുന്നു. ''എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ ഒരു നിയമം കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കുന്നവർക്കും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കും വേണ്ടി ഷൂട്ട് അറ്റ് സൈറ്റ് നിയമം ഇന്ത്യയിൽ കൊണ്ടുവരണം. ഇത് വളരെ ആവശ്യമാണ്.'' പാട്ടീലിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. രാജ്യദ്രോഹികളെ നേരിടാൻ കർശനമായ നിയമം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തിരുന്നു.