കാട്ടാക്കട: മകന്‍റെ ജന്മദിനവും ഓണവുമൊക്കെ ആഘോഷിച്ച് 20 ദിവസങ്ങള്‍ കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് അഖില്‍ ജോലിയിലേക്ക് മടങ്ങിയത്. സിയാച്ചിനില്‍ ചൊവ്വാഴ്ച മഞ്ഞുമലയിടിഞ്ഞ് മരിച്ച കാട്ടാക്കട പൂവച്ചാല്‍ സ്വദേശിയായ ജവാന്‍ അഖില്‍ വീരമൃത്യു വരിച്ചത് തന്‍റെ മുപ്പതാം പിറന്നാള് ദിനത്തിലായിരുന്നു. മകന്‍ ദേവനാഥിന്‍റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷമാക്കിയാണ് സിയാച്ചിനിലെ മരംകോച്ചുന്ന തണുപ്പിലേക്ക് അഖില്‍ ജോലിക്കായി പോയത്. ഹിമപാതത്തെ തുടരന്ന‍് മൈനസ് 60 ഡിഗ്രിക്കും താഴെയാണ് ഇപ്പോള്‍ അവിടത്തെ തണുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ആര്‍മിയില്‍ മെഡിക്കല്‍ അസിസ്റ്റന്‍റായിരുന്നു അഖില്‍. അപകടത്തിന്‍റെ മൂന്ന് ദിവസം മുമ്പാണ് ഗുരേസ് സെക്ടറില്‍ ജോലിക്കായി പോകുന്ന വിവരം അറിയിച്ചത്. പിന്നെ അവന്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് പ്രതിരോധ വിഭാഗം അധികൃതര്‍ അറിയിച്ചതെന്നും ഉള്‍ക്കൊള്ളാനായില്ലെന്നും കുടുംബ സുഹൃത്ത് അനില്‍ കുമാറിന്‍റെ വാക്കുകളായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമാണ് അഖില്‍. അഖില്‍ കലാ സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നതായി നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ക്രക്കറ്റ് ഏറെ ഇഷ്ടപ്പെട്ടിരുന്ന അഖില്‍ വോളിബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും കൂട്ടുകാരോടൊപ്പം അഖില്‍ കളിക്കളത്തിലെത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.കൃഷിക്കാരനാണ് അഖിലിന്‍റെ അച്ഛന്‍ സുബ്രഹ്മണ്യന്‍. 

സരിതകുമാരിയാണ് അമ്മ.ഭാര്യ ഗീതു പിഎസ്സി പരീക്ഷാഫലം കാത്തിരിക്കുകയാണ്.അഖിലിന്‍റെ മൃതദേഹം വ്യാഴാഴ്ച ജന്മദേശത്തേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ശ്രീനഗറില്‍ പോസ്റ്റ് മോര്‍ട്ടമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിക്കും.