അഹമ്മദാബാദ്:  ഗുജറാത്തിൽ പച്ചുവർഷത്തോളമായി വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്ന സഹോദരങ്ങളെ രക്ഷപ്പെടുത്തി. 30 മുതൽ 42 വയസ്സ് വരെ പ്രായമുള്ല മൂന്ന് സഹോദരങ്ങളെയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ 10 വർഷത്തിലേറെയായി ഇവരെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ​ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തെത്തിയിരിക്കുന്നത്. 

സഹോദരങ്ങളുടെ പിതാവിന്റെ സഹായത്തോടെയാണ് ഇവരെ ഒരു എൻജിഒ എത്തി രക്ഷപ്പെടുത്തിയത്. സംഘടന എത്തി വാതിൽ തകർത്താണ് മൂവരെയും രക്ഷപ്പെടുത്തിയിരുന്നത്. മുറിയിൽ സൂര്യപ്രകാശം ഉണ്ടായിരുന്നില്ല. മതിയായ ഭക്ഷണം പോലും ലഭിക്കാതെ മെലിഞ്ഞുണങ്ങിയിരുന്നു ഈ സഹോദരങ്ങൾ. മുറിയിൽ പേപ്പറുകൾ മുറിച്ചിട്ടിരുന്നുവെന്നും സംഘടനയിലെ അം​ഗമായ ജൽപ പട്ടേൽ പറഞ്ഞു. അമ്‍രീഷ്, ഭാവേഷ് ഇവരുടെ സഹോദരി മേഘ്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 10 വർഷത്തിലേറെയായി ഇവർ സ്വയം പൂട്ടി അകത്തിരിക്കുകയാണെന്നാണ് ഇവരുടെ പിതാവ് പറയുന്നത്. 

തലമുടിയും താടിയുമെല്ലാം വളർന്ന് തിരിച്ചറിയാനാകാത്ത വിധത്തിലായിരുന്നു മൂവരും. 10 വർഷത്തിന് മുമ്പ് അമ്മ മരിച്ചതിന് ശേഷമാണ് മക്കൾ ഇങ്ങനെ ആയതെന്നാണ് പിതാവ് പറയുന്നത്. എന്നാൽ ഇവർക്ക് ചികിത്സ നൽകണമെന്ന് സംഘടന പറഞ്ഞു. ഇവരെ പുറത്തെത്തിച്ച സംഘടന, ഇവരുടെ മുടിയും താടിയും വെട്ടുകയും വൃത്തിയാക്കുകയും ചെയ്തു. നല്ല ഭക്ഷണവും ചികിത്സയും ലഭിക്കുന്നിടത്തേക്ക് ഇവരെ മാറ്റാനാണ് സംഘടന ആലോചിക്കുന്നത്. 

മക്കൾ മൂന്ന് പേരും വിദ്യാസമ്പന്നരാണെന്നാണ് മുൻ സർക്കാർ ഉദ്യോ​ഗസ്ഥനായ ഇവരുടെ പിതാവ് പറയുന്നത്. മൂത്ത മകൻ അംബ്‍രീഷ് അഭിഭാഷകനാണ്. മകൾ മേഘ്ന എംഎ സൈക്കോളജി കഴി‍ഞ്ഞു. ഇളയ മകൻ ബിഎ എക്കണോമിക്സ് ആയിരുന്നു, മികച്ച ക്രിക്കറ്റ് പ്ലയർ ആണെന്നും അദ്ദേഹം പറഞ്ഞു. ‌1986 മുതൽ രോ​ഗാനവസ്ഥയിലായിരുന്ന തന്റെ ഭാര്യ വർഷങ്ങൾക്ക് ശേഷം മരിച്ചുവെന്നും അതേ തുടർ‌ന്നാണ് മക്കൾ ഇത്തരത്തിലായതെന്നും പിതാവ് കൂട്ടിച്ചേഞത്തു.