മൈസൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ സഹായിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. മൈസുരു എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സിദ്ധരാമയ്യ സഹായിയുടെ മുഖത്തടിക്കുന്നതും പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സഹായി സിദ്ധരാമയ്യയോട് സംസാരിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

'അയാള്‍ ഫോണ്‍ സിദ്ധരാമയ്യയുടെ ചെവിയിലേക്ക് വെക്കാന്‍ ശ്രമിച്ചു. അയാള്‍ക്ക് വേണ്ടി ഏതോ ഓഫീസറിനോട് സംസാരിക്കാന്‍ വേണ്ടിയായിരുന്നു അത്. അത് സിദ്ധരാമയ്യയെ ദേഷ്യം പിടിപ്പിച്ചു. ഇതാണ് സംഭവിച്ചതെന്നാണ് സിദ്ധരാമയ്യയുടെ മറ്റൊരു സഹായി പറയുന്നത്. കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് പ്രതിഷേധ ിക്കാനെത്തിയതായുരുന്നു സിദ്ധരാമയ്യ. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രതികരണമൊന്നും ഇതുവരേയും വന്നിട്ടില്ല. 

നേരത്തെ സിദ്ധരാമയ്യ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്നതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. പ്രവര്‍ത്തകയുടെ ദുപ്പട്ട വലിക്കുന്നതും ദേഷ്യത്തില്‍ സംസാരിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധം സിദ്ധരാമയ്യക്ക് എതിരെ ഉയര്‍ന്നിരുന്നു.