അറസ്റ്റിലായത് ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗ്; ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ കസ്റ്റഡിയിൽ വാങ്ങി ദില്ലി പൊലീസ്; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂസൈവാലയ്ക്ക് യാത്രാ മൊഴി
പഞ്ചാബ്: പഞ്ചാബ് കോൺഗ്രസ് നേതാവും പോപ്പ് ഗായകനുമായ സിദ്ദു മൂസൈവാലയുടെ മരണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഉത്തരാഖണ്ഡ് സ്വദേശി മൻപ്രീത് സിംഗിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ മാൻസ കോടതിയിൽ ഹാജരാക്കി. മൻപ്രീത് സിംഗിനെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഉൾപ്പെടെ 6 പേരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മയക്കുമരുന്ന് കച്ചവടക്കാരനായ മൻപ്രീത് സിംഗ് നേരത്തെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും സഹായത്തോടെയ ഡെറാഡൂണിൽ നിന്നാണ് പഞ്ചാബ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ മുസൈവാലയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ ദില്ലി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. മൂസൈവാലയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യും. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലാണ് ലോറൻസ് ബിഷ്ണോയ്. ലോറൻസുമായി അടുത്ത ബന്ധം പുലർത്തുന്ന ഗോൾഡി ബ്രാർ സംഘം നേരത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. കാനഡ കേന്ദ്രീകരിച്ചാണ് ബ്രാറിന്റെ പ്രവർത്തനം.
മൂസൈവാലയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് വൻ ജനാവലി
രണ്ട് ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട പഞ്ചാബ് കോൺഗ്രസ് നേതാവ് സിദ്ദു മുസൈവാലയുടെ സംസ്കാരം ജന്മനാടായ മാൻസയിൽ നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. മൂസൈവാലയുടെ ആരാധകരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഉൾപ്പെടെ ജനക്കൂട്ടം സംസ്കാര ചടങ്ങ് നടന്നയിടത്തേക്ക് ഒഴുകിയെത്തി. 'മൂസൈവാല സിന്ദാബാദ്' വിളികളോടെ അവർ അന്ത്യാഭിവാദ്യം നേർന്നു. സുരക്ഷ പിൻവലിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളി ഉയർന്നു. നേര്തെ മൂസൈവാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാക്ടറിലാണ് മൃതദേഹം സംസ്കാരത്തിനായി എത്തിച്ചത്.

പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ രണ്ടുദിവസം മുമ്പാണ് മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേ അക്രമികൾ അദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകൾ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്. രണ്ട് വെടിയുണ്ടകൾ കാലിൽ തറച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.
വധഭീഷണിയുണ്ടെന്ന് പഞ്ചാബി ഗായകൻ

സിദ്ദു മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബി ഗായകൻ മാൻകിർത് ഔലാഖ് രംഗത്തെത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് മാൻകിർത് പൊലീസ് സംരക്ഷണം തേടിയത്. ലോറൻസ് ബിഷ്ണോയിയുടെ എതിർ ഗ്യാങായ ദാവിന്ദർ ബാംബിഹ ഗ്രൂപ്പിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് പരാതി. സംഘം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മാൻകിർത് ഔലാത്ത് പറഞ്ഞു.
