ബംഗാളില്‍ ടീസ്ത നദിയിൽ കണ്ടെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സിക്കിം സർക്കാര്‍ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തിന് 44.8 കോടിയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചു.

കാണാതായ നൂറിലേറെ പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേന ഇവിടെ എത്തി. വിനോദസഞ്ചാരികൾ ഉൾപ്പെടെ 7000 പേരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷപ്പെടുത്താനാണ് നിലവിലെ പദ്ധതി. 

സിക്കിമിൽ ദുരന്തമുണ്ടായ മേഖലകളിൽ മഴ കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടിയിട്ടുണ്ട്. എന്നാൽ വടക്കൻ സിക്കിമിലെ സാക്കോ ചോ തടാക തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. തടാകത്തിൽ നിന്ന് വെള്ളപ്പാച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.

സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ബംഗാളിലും പ്രളയക്കെടുതി തുടരുകയാണ്.

സൈനിക കേന്ദ്രം കഴിഞ്ഞ ദിവസം മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഇതോടെ പ്രളയത്തിൽ ആയുധങ്ങളോ വെടിക്കോപ്പുകളോ ഒഴുകി വരാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം വെടിക്കോപ്പുകൾ കണ്ടാല്‍ എടുക്കരുതെന്നും പൊട്ടിത്തെറിക്കാനിടയുണ്ടെന്നും അധികൃതരെ അറിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ടീസ്ത നദിയിൽ കണ്ടെത്തിയ മോർട്ടാർ ഷെൽ പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.