പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. റേഡിയോ ഫ്രീക്വൻസി വഴി അയച്ച രഹസ്യ കോഡുകൾ ഇതിനുള്ള നിർദ്ദേശമാകാമെന്നാണ് ആശങ്ക. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിലുള്ള യുദ്ധം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.

രമോന്നത നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇറാൻ ലോകമെമ്പാടുമുള്ള തങ്ങളുടെ സ്ലീപ്പ‍ർ സെല്ലുകൾ സജീവമാക്കിയെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാനിൽ നിന്നും അയച്ചെന്ന് കരുതപ്പെടുന്ന ചില രഹസ്യ കോഡുകൾ പരിശോധിച്ച അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. ഇറന് പുറത്തുള്ള സ്ലീപ്പർ സെല്ലുകളെ ഒരു ട്രിഗറായി പ്രവർത്തിക്കാനുള്ള സന്ദേശമാണെന്ന ആശങ്ക ഇതോടെ ഉയ‍ർന്നു. ഇസ്രയേലും യുഎസ്എയും ഇസ്രയേലിനെതിരെ തുടങ്ങിയ യുദ്ധം 11 -ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇരുപക്ഷത്തും കനത്ത നാശ നഷ്ടം ഉണ്ടാക്കിയ യുദ്ധം യുഎസ്എയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്.

സ്ലീപ്പർ സെല്ലുകൾക്കുള്ള രഹസ്യ സന്ദേശം

ഫെബ്രുവരി 28 -ന് അപ്രതീക്ഷിതമായി യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് രഹസ്യ കോഡ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലഭിച്ച രഹസ്യകോഡുകളുടെ ഉത്ഭവം ഇറാനിഷ നിന്നാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം രാജ്യങ്ങളിലൂടെ സിഗ്നൽ പുനഃസംപ്രേഷണം ചെയ്യപ്പെട്ടു. റേഡിയോ - ഫ്രീക്വൻസി ആശയവിനിമയങ്ങൾ നിരീക്ഷിക്കുന്ന വിശകലന വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അസാധാരണമായ ഒരു പാറ്റേണിലായിരുന്നു ഇത് സംപ്രേക്ഷണം ചെയ്യപ്പെട്ടത്. രഹസ്യ സന്ദേശം ഡികോഡ് ചെയ്യാനുള്ള കീ കൈവശമുള്ളവരെ ഉദ്ദേശിച്ചാകാം സന്ദേശം അയച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

റേഡിയോ ഫ്രീക്വൻസി

അതേസമയം ഇന്‍റർനെറ്റിനെയോ മൊബൈൽ നെറ്റ്‌വർക്കുകളെയോ ഇതിനായി ആശ്രയിച്ചിട്ടില്ല. ഡിജിറ്റലായുള്ള അന്വേഷണത്തിനുള്ള തെളിവുകൾ അവശേഷിപ്പിക്കാതെ നിർ‍ദ്ദേശങ്ങൾ കൈമാറാൻ രഹസ്യാന്വേഷണ ഏജന്‍സികളോ തീവ്രവാദ ഗ്രൂപ്പുകളെ ഇത്തരം ആശയവിനിമയങ്ങൾ ഉപയോഗിക്കാറുണ്ട്. മറ്റെവിടെയെങ്കിലും നിർജ്ജീവമായി കിടക്കുന്ന സ്ലീപ്പർ സെല്ലുകളെ സ‍ജീവമാക്കുന്നതിനോ അവ‍ർക്കുള്ള നിർദ്ദേശങ്ങളോ ആയിരിക്കാം ഈ രഹസ്യ സന്ദേശത്തിൽ അടങ്ങിയിരിക്കുന്നതെന്നും കരുതുന്നു. എന്നാൽ സന്ദേശത്തിന്‍റെ ഉള്ളടക്കം വ്യക്തമല്ലെന്നും അതേസമയം പുതിയ സാഹചര്യത്തിൽ ഈ സന്ദേശം ഏറെ പ്രാധാന്യമുള്ളതാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പുതിയ റിപ്പോര്‍ട്ടോടെ യുഎസ്എയിലെ ഭീകരവിരുദ്ധ ഏജൻസികളും രഹസ്യാന്വേഷണ ഏജൻസികളും അതീവ ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ മുൻകരുതലെടുക്കാനും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ നിർദേശം നൽകി.

വ്യാപിക്കുന്ന യുദ്ധം

ഇസ്രയേലും യുഎസ്എയും സംയുക്തമായി ഇറാന് നേരെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ നടത്തുന്ന യുദ്ധം 11 -ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഖമനേയുടെ കൊലപാതകത്തിന് പിന്നാലെ രൂക്ഷമായ പോരാട്ടമാണ് ഇരുവശത്തും നടക്കുന്നത്. ഇസ്രയേലും ഇറാനും പരസ്പരം അക്രമിക്കുന്നതിനൊപ്പം ശത്രുരാജ്യങ്ങളെ സഹായിക്കുന്ന രാജ്യങ്ങളെയും തങ്ങളുടെ അക്രമണ പരിധിയിൽപ്പെടുത്തിയത് സംഘ‍ർഷം വ്യാപിക്കാനും കാരണമാക്കി. ഖത്തർ. സൗദി. തുർക്കി. യുഎഇ തുടങ്ങിയ രാജ്യങ്ങളെ ഇറാൻ അക്രമിക്കുമ്പോൾ, ലേബനനെ ഇസ്രയേലും അക്രമിക്കുന്നു.