ഡല്‍ഹി വിമാനത്താവളത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ചിത്രം ഇന്ത്യയിലെ സിംഗപ്പൂര്‍ അംബാസഡര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ന്യൂഡല്‍ഹി: സിംഗപ്പൂര്‍ എംബസിയുടെ വ്യാജ നമ്പര്‍ പ്ലേറ്റുമായി സഞ്ചരിക്കുന്ന കാറിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഇന്ത്യയിലെ സിംഗപ്പൂര്‍ അംബാസഡര്‍ സൈമണ്‍ വോങ്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ ചിത്രങ്ങളാണ് അദ്ദേഹം എക്സില്‍ പോസ്റ്റ് ചെയ്തത്. ഈ കാര്‍ തങ്ങളുടെ എംബസിയുടെ വാഹനമല്ലെന്നും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
സില്‍വര്‍ കളറിലുള്ള റെനോ ക്വിഡ് കാറാണ് അംബാസഡര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്. " ഈ കാറിന്റെ 63 CD നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. ഇത് ഞങ്ങളുടെ എംബസിയുടെ കാറല്ല. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ചുറ്റിലും നിരവധി ഭീഷണികളുള്ളപ്പോള്‍, ഈ ഈ കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് അതീവ ജാഗ്രത വേണം, പ്രത്യേകിച്ച് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍" എന്നാണ് സൈമണ്‍ വോങ് എക്സില്‍ പോസ്റ്റ് ചെയ്തത്.
രാജ്യത്ത് നയതന്ത്ര കാര്യാലയങ്ങള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്കും ഒക്കെയാണ് നീല പ്രതലത്തില്‍ വെള്ള അക്ഷരങ്ങളോടെയുള്ള നമ്പര്‍ പ്ലേറ്റ് നല്‍കുന്നത്. എംബസികളും കോണ്‍സുലേറ്റുകളും വാങ്ങുന്ന വാഹനങ്ങള്‍ക്ക് ഈ നമ്പര്‍ പ്ലേറ്റ് ലഭിക്കും. CD എന്ന അക്ഷരവും അത് ശേഷമുള്ള കോഡും ശേഷം നമ്പറുമാണ് ഇതിനുള്ളത്. "Corps Diplomatique" എന്നതിന്റെ ചുരുക്കമാണ് ഈ നമ്പര്‍ പ്ലേറ്റുകളിലെ CD.
