അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവനയിൽ തട്ടിപ്പ് നടന്നെന്ന ആരോപണങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും സംഘം വിലയിരുത്തി, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചു

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ സംഭാവനകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണങ്ങളെ തുടർന്ന്, ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വിശദമായ പരിശോധന ആരംഭിച്ചു. ക്ഷേത്രത്തിലെ സംഭാവന പെട്ടികൾ തുറക്കുന്നത് മുതൽ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും അന്വേഷണ സംഘം അതീവ സൂക്ഷ്മമായി വിലയിരുത്തി. ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ക്ഷേത്രത്തിലെത്തി 8 മണിക്കൂറിലേറെ നേരമാണ് പരിശോധന നടത്തിയത്. സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് ഉയർത്തിയ ആരോപണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭാവന പെട്ടികൾ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക മുറിയിലേക്ക് മാറ്റിയ ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് പണം എണ്ണുന്നത്. ഈ പ്രക്രിയയിൽ ഏതാണ്ട് 50 ഓളം ജീവനക്കാർ പങ്കെടുക്കുന്നുണ്ട്. ഇവരെ നിരീക്ഷിക്കാൻ ട്രസ്റ്റ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ഒപ്പമുണ്ടാകും. പണം എണ്ണുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ജീവനക്കാരുടെ എൻട്രി-എക്സിറ്റ് റെക്കോർഡുകൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ ജോലിയിൽ പ്രവേശിക്കുകയോ രാജിവെക്കുകയോ ചെയ്തവരുടെ വിവരങ്ങൾ എന്നിവ എസ്.ഐ.ടി ശേഖരിച്ചു. സംഭാവന പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പണം എണ്ണുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു ക്ഷേത്ര ജീവനക്കാരനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. അന്വേഷണ സംഘത്തിന് തങ്ങളുടെ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. അതുവരെ സുഗമമായ അന്വേഷണത്തിനായി രാമക്ഷേത്ര സമുച്ചയത്തിൽ തന്നെ എസ്.ഐ.ടി താൽക്കാലിക ഓഫീസ് സജ്ജീകരിച്ചിട്ടുണ്ട്.