ദില്ലി: ഹാഥ്റസിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച എസ്ഐടി സംഘത്തിന്റെ അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട്  ഇന്നോ നാളയോ നൽകും. പ്രതികളെയും പെൺകുട്ടിയുടെ കുടുംബത്തെയും എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. നാല്പതോളം നാട്ടുകാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ആദ്യം ഏഴുദിവസമാണ് അന്വേഷണത്തിനായി നൽകിയത്. പിന്നീട് 10 ദിവസം കൂടി യു പി സർക്കാർ സമയം നീട്ടി നൽകി. അന്വേഷണം ആരംഭിച്ച സിബിഐ പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് ചോരപുരണ്ട ഒരു വസ്ത്രം കണ്ടെത്തിയതായി റിപ്പോർട് ഉണ്ട്. വസ്ത്രങ്ങളിൽ പുരണ്ട ചോര ആരുടേതെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. 

അതിനിടെ ഹാഥ്റസിൽ നിന്ന് ദില്ലിയിലേക്ക് താമസം മാറ്റാൻ സഹായിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം യുപി സർക്കാരിനോട് ആവശ്യപ്പെട്ടു. സുരക്ഷാഭീഷണിയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. കേസിന്റെ വിചാരണ ദില്ലിക്ക് മാറ്റണമെന്നും സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേൽനോട്ടം വഹിക‌കണമെന്നും കുടുംബം ഇന്നലെ സുപ്രീംകോടതിയിലും ആവശ്യപ്പെട്ടിരുന്നു. ഈ കേസിലെ ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും