ദില്ലി: സ്പ്രിംഗ്ളർ വിഷയത്തിൽ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചും സംസ്ഥാന ഘടകത്തോട് യോജിച്ചും സിപിഎം ദേശീയ നേതൃത്വം. സ്പ്രിംഗ്ളർ വിഷയം പാർട്ടിക്കുള്ളിൽ തന്നെ ചർച്ച ചെയ്യുകയും പാർട്ടി ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കുകയും ചെയ്തതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 

വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഇനി കോടതിയുടെ തീരുമാനം വരട്ടെ. നിലവിൽ കൊവിഡിന് എതിരായ പോരാട്ടത്തിനാണ് പ്രധാന്യവും ശ്രദ്ധയും കൊടുക്കേണ്ടത്. അതിൽ നിന്നും ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങൾ ശരിയല്ലെന്നും യെച്ചൂരി പറഞ്ഞു. 

ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സ്പ്രിംഗള്ർ വിഷയത്തിൽ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രിയേയും പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചത്. സെക്രട്ടേറിയറ്റിൽ പങ്കെടുത്ത മുഖ്യമന്ത്രിക്ക് വിഷയത്തെക്കുറിച്ച് വിശദീകരിക്കേണ്ട ആവശ്യം കൂടി വന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. 

കൊവിഡ് മഹാമാരി മുന്നിൽ നിൽക്കുന്ന ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഒരു കാര്യവും സർക്കാർ ശ്രദ്ധിക്കേണ്ടെന്നും കൊവിഡ് ഭീതി മാറിയ ശേഷം വിഷയം ചർച്ച ചെയ്യാം എന്നുമുള്ള നിലപാടാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.