ദില്ലി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാർക്ക് ക്ഷണം. ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്‍ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വിദേശ പര്യടനത്തിലുള്ള ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ചടങ്ങിനെത്തില്ല. ഇവരെക്കൂടാതെ കമലഹാസൻ, രജനീകാന്ത് തുടങ്ങിയവരടക്കം രാജ്യത്തിനകത്തു നിന്നുള്ള പ്രമുഖരെയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഏഴിന് രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെങ്കിലും മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ ഇന്നാണ് ബിജെപി ആരംഭിക്കുന്നത്.  കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. ഇത്തവണയും ആദ്യ പട്ടിക ചെറുതാവാനാണ് സാധ്യത. പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം പെരുന്നാളിന് ശേഷം ആറിന് തുടങ്ങാനാണ് ആലോചന. സ്പീക്കർ തെരഞ്ഞെടുപ്പ് പത്തിനാകും. രാഷ്ട്രപതിയുടെ പ്രസംഗവുമുണ്ടാകും. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നല്കിക്കൊണ്ടാവും മോദിയുടെ ആദ്യ പ്രസംഗം.