ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ടോപ് ഓള്‍ റൗണ്ടര്‍മാരിലൊരാള്‍. പക്ഷേ, താരലേലത്തിന് മുൻപ് ഒരു ഐപിഎല്‍ ടീമിലേക്ക് എത്തുക എന്നത് ദുഷ്കരമായിരിക്കുന്നു

ഹാ‍‍ര്‍ദിക്ക് പാണ്ഡ്യയെ ആ‍ര്‍ക്കും വേണ്ടെ?

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ടോപ് ഓള്‍ റൗണ്ടര്‍മാരിലൊരാള്‍. പക്ഷേ, താരലേലത്തിന് മുൻപ് ഒരു ഐപിഎല്‍ ടീമിലേക്ക് എത്തുക എന്നത് ദുഷ്കരമായിരിക്കുന്നു. 2023 നവംബറിന്റെ ഒടുവില്‍ ഐപിഎല്ലിലെ ഏറ്റവും സെൻസേഷണലായ ട്രേഡിലൂടെ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തുമെന്ന് ഒരിക്കല്‍പ്പോലും ഹാര്‍ദിക്ക് ചിന്തിച്ചിട്ടുണ്ടാകില്ല. അതിന്റെ കാരണം, ഹാര്‍ദിക്കിനെ ആര്‍ക്കും വേണ്ടാത്തതല്ല, ഹാര്‍ദിക്കിനെ പോലൊരു താരത്തെ ടീമില്‍ ആഗ്രഹിക്കാത്ത ഒരു നായകൻ പോലും ലോകക്രിക്കറ്റില്‍ തന്നെ ഉണ്ടാകാൻ സാധ്യതയില്ല. എന്നാല്‍, നിലവിലെ പ്രതിസന്ധികള്‍ക്ക് പിന്നില്‍ മറ്റൊന്നാണ്.

ഇംഗ്ലീഷ് മാധ്യമമായ ദ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഹാര്‍ദിക്ക് ഗുജറാത്ത് ടൈറ്റൻസിലേക്ക് തിരികെ പോകാൻ ശ്രമിച്ചുവെന്നാണ്. ഗുജറാത്ത് മാനേജ്മെന്റും ഹാര്‍ദിക്കിനെ സ്വാഗതം ചെയ്യാൻ തയാറായിരുന്നു. നായകൻ ശുഭ്‌മാൻ ഗില്ലുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു. ഗില്ലിനും ഹാര്‍ദിക്കിന്റെ വരവില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായില്ല. പക്ഷേ, നായകസ്ഥാനവും വേണമെന്ന ഹാര്‍ദിക്കിന്റെ ആവശ്യത്തിന് മുന്നിലാണ് ട്രേഡ് സാധ്യതകള്‍ അടഞ്ഞത്. ഗുജറാത്ത് മാനേജ്മെന്റ് പൂര്‍ണമായും ഹാര്‍ദിക്കിന്റെ ഡിമാൻഡിനെ നിരസിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐപിഎല്ലില്‍ 2022ല്‍ ഡെബ്യു ചെയ്യുമ്പോള്‍ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്നു ഹാര്‍ദിക്ക്. ടീമിന്റെ സുവര്‍ണകാലം ഹാര്‍ദിക്കിന്റെ കീഴില്‍ തന്നെയായിരുന്നു. ആദ്യ സീസണില്‍ കിരീടം, തൊട്ടടുത്ത എഡിഷനില്‍ ഫൈനലിലുമെത്തി. പിന്നീടാണ് മുംബൈയിലേക്ക് ഹാര്‍ദിക്കിന്റെ ട്രേഡ് സംഭവിക്കുന്നത്. ശേഷം, ഗില്‍ നായകനുമായി. കഴിഞ്ഞ സീസണില്‍ ഫൈനലിലും 2025ല്‍ പ്ലേ ഓഫിലുമെത്താൻ ഗുജറാത്തിന് ഗില്ലിന് കീഴില്‍ കഴിഞ്ഞിരുന്നു.

നിലവില്‍ ഇന്ത്യൻ ടീമിന്റെ നായകനും ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ഗില്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഹാര്‍ദിക്കിനെ വെച്ച് റീപ്ലേസ് ചെയ്യാൻ ഗുജറാത്ത് മാനേജ്മെന്റ് തയാറാകാനുള്ള സാധ്യത വിരളമാണ്. ഹാ‍ര്‍ദിക്കിനെ ഒരു താരമായി ഉള്‍ക്കൊള്ളാൻ ഗുജറാത്ത് തയാറായേക്കും. ഇതേ പ്രതിസന്ധിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് കൂടുമാറുന്നതിലും നിലനില്‍ക്കുന്നത്. ചെന്നൈയിലും നായകസ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. എം എസ് ധോണിക്ക് ശേഷം പല പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് റുതുരാജ് ഗെയ്ക്വാദ് എന്ന പേരിലേക്ക് ചെന്നൈ എത്തിയതുപോലും.

റുതുരാജിന് കീഴില്‍ ചെന്നൈ ഒരു ടീമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. ചില പോരായ്മകള്‍ക്കൂടി നികത്തിയാല്‍ ഒരു ടൈറ്റില്‍ വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ ചെന്നൈക്കാകും. ഇതിന് പുറമെ സഞ്ജു സാംസണിന്റെ സാന്നിധ്യവുമുണ്ട്. റുതുരാജില്‍ നിന്ന് സഞ്ജുവിലേക്ക് വൈകാതെ നായകസ്ഥാനമെത്തുമെന്ന അഭ്യൂഹം ഏറെക്കാലമായി അന്തരീക്ഷത്തിലുമുണ്ട്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റൻസി ഡിമാൻഡ് ചെന്നൈയുടെ എക്കോ സിസ്റ്റത്തെ അടിമുടി മാറ്റാൻ കെല്‍പ്പുള്ളതാണ്. ഇത് താരങ്ങള്‍ക്ക് മാനേജ്മെന്റ് നല്‍കുന്ന അഷ്യവറൻസിനേയും ചോദ്യം ചെയ്യും.

ഹാര്‍ദിക്കിന്റെ മൂല്യമനുസരിച്ച് കുറഞ്ഞത് രണ്ട് താരങ്ങളെ മുംബൈ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.

ആയുഷ് മാത്രെ, ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അൻഷുല്‍ കാംബോജ് എന്നീ താരങ്ങളുടെ പേരുകളാണ് കൂടുതലായും ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ ഏത് കോമ്പിനേഷൻ ട്രേഡിനായി ഉപയോഗിച്ചാലും ഒന്നുകില്‍ ചെന്നൈയുടെ ബാറ്റിങ് കോര്‍, അല്ലെങ്കില്‍ ബൗളിങ് കോര്‍ ഇല്ലാതെയാകും. മേല്‍പ്പറഞ്ഞ താരങ്ങളെല്ലാം ചെന്നൈയുടെ ഭാവിയായി കണക്കാക്കപ്പെടുന്നവരുമാണ്. ചെന്നൈ മാനേജ്മെനറ് ഹാര്‍ദിക്കിനായി ഒരു റിസ്ക്ക് എടുക്കുമോയെന്നതാണ് ചോദ്യം.

ഹാര്‍ദിക്കിന്റെ പേരുമായി ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്, ഇവിടെ ഒരു താരത്തില്‍ ട്രേഡ് ഒതുങ്ങിയേക്കും. ഹാര്‍ദിക്കിന്റെ പെര്‍ഫെക്റ്റ് റീപ്ലെസ്മെന്റിനെ മുംബൈക്ക് ആ സംഘത്തില്‍ കാണാനാകും, കാമറൂണ്‍ ഗ്രീൻ. 2023 സീസണില്‍ മുംബൈക്കായി കളിച്ച ഗ്രീൻ 160 സ്ട്രൈക്ക് റേറ്റില്‍ 452 റണ്‍സും ആറ് വിക്കറ്റും നേടിയിരുന്നു. 2024, 2026 സീസണുകള്‍ ശരാശരിയില്‍ ഒതുങ്ങിയെങ്കിലും നിലവില്‍ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട് ഗ്രീൻ. എന്നാല്‍, ഓസ്ട്രേലിയൻ താരങ്ങളെ ടീമിലേക്ക് എടുക്കുന്നതില്‍ ചില റിസ്ക്ക് ഫാക്ടേഴ്സ് നിലനില്‍ക്കുന്നുവെന്നതാണ് ഇവിടെ വെല്ലുവിളി.

പരുക്കിനെ ഭയന്നും ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നല്‍കിയും ഐപിഎല്ലിന്റെ ഒരു സീസണ്‍ മുഴുവനായും കളിക്കാൻ ഓസ്ട്രേലിയൻ താരങ്ങള്‍ പലപ്പോഴും തയാറാകാറില്ല. അതിനാല്‍ ഗ്രീനിനെ വാങ്ങി ഹാര്‍ദിക്കിനെ നല്‍കാൻ മുംബൈ തയാറാകുമോയെന്നതില്‍ സംശയം നിലനില്‍ക്കുന്നു. പക്ഷേ, ഹാര്‍ദിക്കിനെ സംബന്ധിച്ച് കൊല്‍ക്കത്ത മികച്ച ഓപ്ഷനാണ്, ഒരു നായകനെക്കൂടി കാത്തിരിക്കുകയാണ്. ഹാര്‍ദിക്കിന്റെ ഡിമാൻഡ് പൂര്‍ണമായും അംഗീകരിക്കാനും സാധ്യതയുണ്ട്.