ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കിയ ബോളിവുഡ് താരം ദീപിക പദുകോണിനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കും. പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്കില്‍ ഡെവലപ്മെന്‍റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആസിഡ് ആക്രമണ ഇരകളെക്കുറിച്ച് സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം 'പരിശോധിക്കുക'യാണെന്നാണ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക വിശദീകരണമെന്നും പറയുന്നു.

2022ഓടു കൂടി 40 കോടി യുവാക്കള്‍ക്ക് വൈദഗ്ധ്യം നല്‍കുന്ന പദ്ധതിയാണ് സ്കില്‍ ഡെവലപ്മെന്‍റ് പദ്ധതി. നരേന്ദ്രമോദി ആദ്യം അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പദ്ധതി തുടങ്ങുന്നത്. ദീപികയുടെ ജെഎന്‍യു സന്ദര്‍ശനത്തിന് ശേഷമുണ്ടായ രാഷ്ട്രീയ വടംവലി തുടരുകയാണ്. കേന്ദ്രസര്‍ക്കാറും ബിജെപിയും ദീപികക്കെതിരെ എത്തിയപ്പോള്‍ ദീപികയുടെ പുതിയ സിനിമയായ ഛപാകിന്  നികുതിയിളവും സൗജന്യ ടിക്കറ്റുകളും നല്‍കിയാണ് കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും മറുപടി നല്‍കുന്നത്. സ്മൃതി ഇറാനിയടക്കമുള്ള നേതാക്കള്‍ ദീപികക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, രഘുറാം രാജന്‍ ദീപികയെ അനുകൂലിച്ച് രംഗത്തെത്തി. 

ദീപികയെപ്പോലുള്ളവര്‍  പ്രചോദനമാണെന്നും അവരെപ്പോലുള്ളവരാണ് ഭരണഘടനയുടെ ചൈതന്യം നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കോണ്‍ഗ്രസ് രാഷ്ട്രീയ ചായ്‍വുള്ള ദീപിക ജെഎന്‍യുവില്‍ പോയതില്‍ അത്ഭുതമില്ലെന്നും ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ആഘോഷിക്കുന്നവര്‍ക്കൊപ്പമാണ് ദീപികയെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തിയിരുന്നു.