ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും കൂടിക്കാഴ്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരുവരും ചര്‍ച്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തുമാണ് ഇരുവരും എത്തിയത്. ഇതോടെ ഒരുമാസം നീണ്ട രാഷ്ട്രീയ വടംവലിക്ക് അവസാനമായി.

ഗെലോട്ടാണ് സച്ചിന്‍ പൈലറ്റിനെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ജനാധിപത്യ സംരക്ഷണത്തിനായി എന്തും മറക്കാനും പൊറുക്കാനും തയ്യാറാണെന്ന് ഗെലോട്ട് ട്വീറ്റ് ചെയ്തിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വെള്ളിയാഴ്ച കൂടാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ ബിജെപി തീരുമാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ഇരുവിഭാഗവും ഒന്നിച്ചത് പാര്‍ട്ടിക്ക് ആശ്വാസമായി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 200 അംഗ നിയമസഭയില്‍ 102 സീറ്റോടെയാണ് ഗെലോട്ട് ഭരിക്കുന്നത്. 75 സീറ്റാണ് മുഖ്യപ്രതിപക്ഷമായ ബിജെപിക്കുള്ളത്. സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ അധികമായി 30എംഎല്‍എമാരുടെ പിന്തുണയെങ്കിയും ആവശ്യമാണ്. 

ചൊവ്വാഴ്ചയാണ് സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും ജയ്പൂരില്‍ തിരിച്ചെത്തിയത്. രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയത്. സഭയില്‍ ഇപ്പോള്‍ 125 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗോലോട്ടിന്റെ വാദം. വിമത എംഎല്‍എമാരുടെ പിന്തുണയില്ലെങ്കിലും തനിക്ക് ഭൂരിപക്ഷം തെളിയിക്കാനാകും. എന്നാല്‍ അത് സന്തോഷം തരില്ല. കുടുംബം കുടുംബമാണ്-ഗെലോട്ട് പറഞ്ഞു.