ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മുട്ടുക്കുത്തിച്ച സ്മൃതി ഇറാനിയെ തേടി മറ്റൊരു നേട്ടം കൂടി. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ രണ്ടാം മോദി സര്‍ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് നാല്‍പ്പത്തിമൂന്നുകാരിയായ സ്മൃതി ഇറാനി.

ഒന്നാം മോദി സര്‍ക്കാരിനേക്കാള്‍ പ്രായത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ ചെറുപ്പമാണ് മോദി 2.0. ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 62 ആയിരുന്നെങ്കില്‍ ഇത്തവണ അത് 60 ആണ്. സ്മൃതി ഇറാനി കഴിഞ്ഞാല്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്‍റ് അരുനാഗ് ഠാക്കൂറാണ്.

മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാല്യനും 46 വയസാണ് പ്രായം. 47 വയസുമായി കിരണ്‍ റിജ്ജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍പ്പെടുന്നു. ആദ്യമായി മന്ത്രിപദത്തിലെത്തിയ രാമേശ്വര്‍ തെലിക്കും ദേബശ്രീ ചൗധരിക്കും 48 വയസുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനാണ് പ്രായത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്‍റെ പ്രായം. 71 വയസുമായി തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്.

അരുണ്‍ ജയ്റ്റ്‍ലി, സുഷമ സ്വരാജ്, ആനന്ദ് ഗീതെ, ചൗധരി ബിരീന്ദര്‍ സിംഗ്, രാധാമോഹന്‍ സിംഗ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ക്ക് ഇത്തവണ മന്ത്രിസ്ഥാനം ഇല്ലാത്തത് കൊണ്ടാണ് ശരാശരി പ്രായത്തില്‍ ഇത്തവണ കുറവ് വന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്.  

ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.  ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയില്‍ ഇല്ല. തങ്ങള്‍ക്ക് കിട്ടിയ മന്ത്രിസ്ഥാനങ്ങളില്‍ അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ ചേരാതെ മാറി നില്‍ക്കുകയാണ്. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചില്ല.