ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ഗൗരിഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ഗൗരിഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം.
ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി ദയാറാം പറഞ്ഞു.
2014-ലെ തെരഞ്ഞെടുപ്പ് മുതൽ സ്മൃതിക്കൊപ്പം പ്രവർത്തിക്കുന്നയാളാണ് സുരേന്ദ്ര. ലോക്സഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ സ്മൃതി ഇറാനിയുടെ അനുനായി വെടിയേറ്റ് മരിച്ചതിൽ ഞെട്ടിയിരിക്കുകയാണ് അമേഠിയിലെ ജനങ്ങൾ.
അതേസമയം 42 വര്‍ഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കൊടി നാട്ടിയതോടെ ബിജെപിയില്‍ തന്നെ ജൈന്‍റ് കില്ലറെന്ന വിളിപ്പേരിന് അര്‍ഹയായിരിക്കുകയാണ് സ്മൃതി ഇറാനി. 2014-ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും അതേ മണ്ഡലത്തില്‍ തന്നെ വീണ്ടും മത്സരിച്ച്, അന്ന് തന്നെ പരാജയപ്പെടുത്തിയ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചാണ് സ്മൃതി തിളക്കുള്ള വിജയം നേടിയിരിക്കുന്നത്.
