ദില്ലി: ദില്ലി പൊലീസ് കമ്മീഷണറായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. കമ്മീഷണര്‍ അമൂല്യ പട്നയിക്കിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. നിലവിൽ ദില്ലി പൊലീസിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മിഷണറാണ് എസ്എൻ ശ്രീവാസ്തവ. 1985 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രിവാസ്തവ സിആര്‍പിഎഫ് ജമ്മുകശ്മീര്‍ സോണ്‍ സ്പെഷ്യല്‍ ഡിജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ദില്ലി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൊലീസ് കമ്മീഷണറുടെ നിയമനമെന്നത് ശ്രദ്ധേയമാണ്. ദില്ലിയിലെ ക്രമസമാധാനം പുനസ്ഥാപിക്കുകയെന്നതാകും അദ്ദേഹത്തിന് മുന്നിലെ ആദ്യ വെല്ലുവിളി. 

അതിനിടെ കലാപഭൂമിയായി മാറിയ ദില്ലി സമാധാന പാതയിലേക്ക് തിരിച്ചെത്തുകയാണ്. വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. ചാന്ദ്ബാഗ് മേഖലയിൽ കടകൾ തുറക്കാൻ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതിന്റെ ലക്ഷണമാണിതെന്നും ദില്ലി പൊലീസ് ജോയിന്റ് കമ്മിഷണർ ഒപി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രഥമ പരിഗണന ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിലാണെന്നും പൊലീസ് ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി. അതേസമയം ദില്ലിയിലെ  കലാപബാധിതയിടങ്ങള്‍ ദേശീയ വനിതാക്കമ്മീഷൻ സന്ദർശിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെന്നും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കലാപ ബാധിതപ്രദേശങ്ങൾ സന്ദർശിക്കുന്നത് തുടരുമെന്നും രേഖ ശർമ പ്രതികരിച്ചു. കലാപബാധിത പ്രദേശമായ ജാഫ്രാബാദ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രേഖ ശര്‍മ്മ. കലാപത്തിന് ഇടയിൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് സന്ദർശനം.