ദില്ലി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ഉൾപ്പെടുത്തി. കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരിരങ്കഅയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് എസ്എൻസി ലാവ്‍ലിൻ കേസ് സുപ്രീംകോടതിയിൽ സജീവമാകുന്നത്. 2017 ഒക്ടോബര്‍ മാസത്തിൽ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുൾപ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റി. 

മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 31ന് ജസ്റ്റിസ് യു യു ലളിത് ലാവ്‍ലിൻ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചു. ഇപ്പോൾ വീണ്ടും ജസ്റ്റിസ് ലളിതിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്ക് കേസ് എത്തുമ്പോൾ ജസ്റ്റിസ് എൻ വി രമണ ലാവ്‍ലിൻ  കേസിൽ നിന്ന് നിന്ന് പിന്മാറുന്നു എന്നുകൂടി പറയാം. 

പുതിയ ബെഞ്ചിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. 2017 ഓഗസ്റ്റ് മാസത്തിലാണ് പിണറായി വിജയൻ, കെ മോഹൻ ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഒപ്പം കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും വിധിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും അത് അംഗീകരിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നാണ് സിബിഐ വാദം. 

ഹൈക്കോടതി വിധി വിവേചനപരമെന്ന് കസ്തൂരിരങ്ക അയ്യര്‍ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും വാദിക്കുന്നു. കേസിൽ അന്തിമവാദം കേൾക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതികളിലൊരാളായ ആര്‍.ശിവദാസൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്നതിൽ അന്തിമ തീർപ്പാണ് സുപ്രീംകോടതിയിൽ നിന്ന് വരേണ്ടത്.