ദില്ലി : സാമൂഹ്യ അകലമാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലവത്തായ മാർ​ഗമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കൃത്യമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ സ്വയം സേവകരും സാമൂഹിക അച്ചടക്കം പാലിച്ച് വൈറസ് ബാധയ്‌ക്കെതിരെ പോരാടണമെന്നും സാമൂഹിക അകലം പാലിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ഭാഗവത് പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും കൊറോണയ്‌ക്കെതിരെ യുദ്ധം ചെയ്യുകയാണ്.  സാമൂഹ്യ ഉത്തരവാദിത്വം ഉള്‍ക്കൊണ്ട് കൊണ്ട് കൊറോണ വൈറസ് ബാധയെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കൊപ്പം അണിചേരുമെന്ന് എല്ലാവരും ദൃഢനിശ്ചയം എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സാമൂഹ്യനിയമങ്ങള്‍ പാലിക്കുക എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. ഇതിന് പുറമേ മരുന്നുകളും മറ്റ് കാര്യങ്ങളും സഹായിക്കും. എന്നാല്‍ അടിസ്ഥാനപരമായി സാമൂഹിക അകലം പാലിക്കുകയാണ് വിജയകരമായ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും നിര്‍ബന്ധമായും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.