ചണ്ഡീഗഡ്: പഞ്ചാബിലെ സങ്ക്രൂര്‍ ജില്ലയിലെ ഭവാനിഗറിലൂടെ ഒരിക്കലെങ്കിലും  യാത്ര ചെയ്തിട്ടിണ്ടെങ്കില്‍ ഉറപ്പായും അവിടുത്തെ ട്രാഫിക് നിയന്ത്രിക്കുന്ന സത്പാല്‍ സിംഗിനെ ശ്രദ്ധിച്ചിട്ടുണ്ടാകും. സാധാരണ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് വ്യത്യസ്തമായി മറ്റുചിലതുകൂടി കാണാം പഞ്ചാബ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ സത്പാലിന്‍റെ യൂണിഫോമില്‍. 

അദ്ദേഹത്തിന്‍റെ ഷര്‍ട്ടില്‍ നാല് വരികളിലായി മെഡലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. അതില്‍ ഒന്ന് പകുതി നീലയും പകുതി ഓറഞ്ചും നിറത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൈനിക ഉദ്യോഗസ്ഥനായിരുന്ന സത്പാലിനെ രാജ്യം വീരചക്ര ബഹുമതി നല്‍കി ആദരിച്ചിരുന്നു. 

1999 ല്‍ കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഭാഗമായി പാക്കിസ്ഥാനുമായി ടൈഗര്‍ ഹില്ലില്‍ നടത്തിയ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ആര്‍മിയുടെ ക്യാപ്റ്റന്‍ കര്‍നാല്‍ ഷേര്‍ ഖാന്‍ ഉള്‍പ്പെടെ നാലുപേരെ സത്പാല്‍ വധിച്ചു. ഇതിന് രാജ്യം അദ്ദേഹത്തിന് വീരചക്ര നല്‍കി ആദരിച്ചു. പാക്കിസ്ഥാന്‍ ഷേര്‍ഖാനെ പാക്കിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ ഹൈദര്‍ നല്‍കിയും ആദരിച്ചിരുന്നു. 

ഇപ്പോഴും ഇരുപത് വര്‍ഷം മുമ്പത്തെ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അഭിമാനംകൊണ്ട് സത്പാലിന്‍റെ കണ്ണുകള്‍ തിളങ്ങും.      '' 1999 ജൂലൈ അഞ്ചിന് ഞങ്ങള്‍ ഏറ്റുമുട്ടലിന് തയ്യാറായി ടൈഗര്‍ കുന്നുകളില്‍ സ്ഥാനം പിടിച്ചിരുന്നു. അവിടെ അതിശൈത്യമായിരുന്നു ആ സമയത്ത്. കൂടുതല്‍ വസ്ത്രങ്ങള്‍ കരുതാമായിരുന്നിട്ടും ധരിച്ച വസ്ത്രം മാത്രമാണ് ഞങ്ങളുടെ പക്കലുണ്ടായിരുന്നത്. ആക്രമണം ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. ഞങ്ങള്‍ ഓരോരുത്തരെയായി വീഴ്ത്തിക്കൊണ്ടുമിരുന്നു. പാക്കിസ്ഥാനെ നയിച്ചിരുന്നത് മികച്ച ഓഫീസര്‍മാരില്‍ ഒരാളായിരുന്നു'' - സത്പാല്‍ പറഞ്ഞു. 

വെടിയുതിര്‍ക്കുമ്പോള്‍ സത്പാലിന് അറിയില്ലായിരുന്നു അത് പാക്കിസ്ഥാന്‍റെ ക്യാപ്റ്റന്‍ കര്‍ണാല്‍ ഷേര്‍ ഖാന്‍ ആയിരുന്നുവെന്ന്. 2009ലാണ് സത്പാല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. സൈന്യത്തില്‍ നിന്ന് വിരമിച്ചതിനുശേഷം എക്സ് സര്‍വ്വീസ് മെന്‍ ക്വാട്ടയില്‍ ജോലിക്ക് അപേക്ഷിച്ച സത്പാല്‍ ട്രാഫിക് പൊലീസില്‍ എത്തുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

''ചിലപ്പോള്‍ ഞാന്‍ എടുത്തത് മോശം തീരുമാനമായിരുന്നിരിക്കും. എക്സ് സര്‍വ്വീസ് മെന്‍ ക്വാട്ടയില്‍ അപേക്ഷിച്ചതിനാല്‍ ഞാനിവിടെ വെറും ഹെഡ്കോണ്‍സ്റ്റബിളാണ്. എന്‍റെ വീരചക്ര പരിഗണിക്കപ്പെടുന്നുപോലുമില്ല''; തെല്ലൊരു വിഷമത്തോടെ സത്പാല്‍ പറഞ്ഞു.