ദില്ലി: എൻഫോഴ്സ്മെന്‍റ് കേസിൽ മുൻകൂര്‍ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയിൽ വാദം കേൾക്കൽ നാളെയും തുടരും. എൻഫോഴ്സ്മെ‍ന്‍റ് അറസ്റ്റ് കോടതിക്ക് തടയാനാകില്ലെന്ന് സോളിസിറ്റര്‍  ജനറൽ തുഷാര്‍ മേത്ത ഇന്ന് വാദിച്ചു. അറസ്റ്റ് ചിദംബരത്തെ അപമാനിക്കാൻ വേണ്ടിയല്ല, കേസിലെ അന്വേഷണത്തിന് വേണ്ടിയാണ്. കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻതക്ക തെളവുകൾ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്. കസ്റ്റഡിയിൽ വിടണോ എന്നത് പ്രത്യേക കോടതി ജഡജിയാണ് തീരുമാനിക്കേണ്ടതെന്നും എൻഫോഴ്സ്മെന്‍റിന് വേണ്ടി സോളിസിറ്റര്‍ ജനറൽ വാദിച്ചു. 

ചിദംബരത്തിനെതിരെയുള്ള തെളിവുകൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഔദ്യോഗികമായാണ് കിട്ടിയിരിക്കുന്നത്. കുറ്റപത്രം നൽകുന്നതിന് മുമ്പ് ഈ തെളിവുകൾ പ്രതിക്ക് കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറൽ വ്യക്തമാക്കി. എന്നാൽ കേസിലെ തെളിവുകൾ വേണമെന്ന് ചിദംബരത്തിന്‍റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. എൻഫോഴ്സ്മെന്‍റ് വാദം നാളെയും തുടരും. കേസിൽ തീര്‍പ്പുണ്ടാകുന്നതുവരെ ചിദംബരത്തിന് അറസ്റ്റിൽ നിന്നുള്ള പരിരക്ഷ തുടരും. എൻഫോഴ്സ്മെന്‍റ് കേസിൽ ചിദംബരത്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം.