ഹൈദരാബാദ്:  ഹൈദരാബാദിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഹൈദരാബാദ് എന്ന പേര് ഭാ​ഗ്യന​ഗർ എന്നാക്കുമെന്ന് ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉറപ്പുനൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.

ഹൈദരാബാദിനെ ഭാ​ഗ്യന​ഗർ എന്ന പേരിലേക്ക് മാറ്റാനാകുമോ എന്നാണ് പലരും തന്നോട് സംശയം ചോദിക്കുന്നതെന്നും എന്നാൽ എന്തുകൊണ്ട് ആയിക്കൂടാ എന്നും ആദിത്യനാഥ് ചോദിച്ചു. ഹൈദരാബാ​ദിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തിയതോടെ അലഹബാദിന്റെ പേര് പ്രയാ​ഗ്‍രാജ് എന്നാക്കിയെങ്കിൽ എന്തുകൊണ്ട് ഹൈദരാബാദിനെ ഭാ​ഗ്യന​ഗർ എന്നാക്കിക്കൂടാ എന്ന് ആദിത്യനാഥ് ചോദിച്ചു. 

ഹൈദരാബാ​ദില‍ ഭരണകക്ഷിയായ ടിആർഎസും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഉം ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി ക്യാംപുകൾ പ്രചരണം നടത്തുന്നത്. ബിജെപിയുടെ കർണാടക എംപിയായ തേജസ്വി സൂര്യ, ഒവൈസിയെ മുഹമ്മദ് അലി ജിന്നയുടെ അവതാരമെന്ന് വിളിച്ചിരുന്നു.