നാഗ്പൂര്‍: വിജയദശമി ദിനത്തിലെ ചടങ്ങില്‍ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലര്‍ രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം ഇന്ത്യയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.

ഇത്രയും വലിയ ഒരു രാജ്യത്ത് ഇത്രയും മെച്ചപ്പെട്ട രീതിയില്‍ 2019 ലോക്സഭ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തിയെന്നത് ലോകം ഉറ്റുനോക്കുന്നുണ്ട്. ജനാധിപത്യം എന്നത് ഒരിക്കലും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതല്ല. അത് നൂറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും ഭാഗവത് പറഞ്ഞു.   രാജ്യത്തിന്‍റെ താത്പര്യം അനുസരിച്ചും ജനങ്ങളുടെ വികാരം മാനിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ആര്‍ജവം വീണ്ടും തെളിയിച്ചിരിക്കുകയാണ്.

മുന്‍ പ്രകടനം വിലയിരുത്തി 2019ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കി സര്‍ക്കാരിനെ വീണ്ടും അധികാരം ഏല്‍പ്പിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷകളുണ്ട്. ഇന്ത്യയുടെ അതിര്‍ത്തി ഏറ്റവും സുരക്ഷിതമാണ് ഇപ്പോള്‍. ഇനി തീരദേശ സുരക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, മുന്‍ ആര്‍മി ചീഫ് ജനറല്‍ വി കെ സിംഗ് തുടങ്ങിയവരും വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് തലവനൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തു.