പ്രതിപക്ഷം രാജ്യത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ റാലിയിൽ ആരോപിച്ചു. രാജ്യം പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്ന ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
ദില്ലി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും ചിലർക്കത് ഇഷ്ടപ്പെടുന്നില്ലെന്നും ഗുജറാത്തിലെ ബനസ്കന്തയിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പ്രതിസന്ധിയിലാകുന്നതിന് ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പ്രതിസന്ധിയില്‍ ചിലര്‍ സന്തോഷിക്കുന്നു. ഗൾഫ് മേഖലയിലെ പ്രതിസന്ധി കാരണം വളത്തിനും പാചകവാതകത്തിനും ക്ഷാമമുണ്ടെന്ന് ചിലർ വ്യാജ പ്രചരണം നടത്തുന്നു. മോദിയെ അപകീർത്തിപ്പെടുത്തലായിരുന്നു അരുടെ ലക്ഷ്യം. എന്നാൽ അതൊക്കെ പാളി. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം അവസാന ശ്വാസം വരെ പുലര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദി നാലാമതും പ്രധാനമന്ത്രിയാകും
അതേസമയം മോദി നാലാമതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ ഉത്തർ പ്രദേശിൽ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കാനാണ് അമിത് ഷാ ഉത്തർ പ്രദേശിൽ എത്തിയത്. കർസേവകർക്ക് നേരെ വെടിവയ്ക്കാൻ ഉത്തരവിട്ട സമാജ് വാദി പാർട്ടി അടുത്ത മുപ്പത് വർഷത്തേക്ക് യു പിയിൽ അധികാരത്തിലെത്തില്ലെന്നും, രാമായണത്തിലെ അംഗദന്റെ കാൽപാദം പോലെ യു പിയിൽ ബി ജെ പിയെ മായ്ക്കാൻ ആർക്കും സാധിക്കില്ലെന്നും ഷാ പറഞ്ഞു. പ്രതിപക്ഷം രണ്ടാം ഘട്ട പ്രതിഷേധത്തിന് ഒരുങ്ങുമ്പോൾ അടിക്ക് തിരിച്ചടിയെന്ന ശൈലിയിലേക്ക് മാറുകയാണ് ബി ജെ പിയെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കങ്ങൾ.
അതിനിടെ ദില്ലിയിൽ പ്രതിപക്ഷ പ്രചാരണങ്ങൾക്ക് മറുപടിയുമായി സിറ്റിസൺ ഫോർ ഡെമോക്രസി എന്ന കൂട്ടായ്മ മോക് പാർലമെന്റ് സംഘടിപ്പിച്ചു. പ്രതിപക്ഷം പ്രഖ്യാപിച്ച പരസ്യ വിചാരണ മഴകാരണം ഇന്ന് നടന്നില്ലെങ്കിലും ദില്ലി എൻ ഡി എം സി ഹാളിലാണ് ബി ജെ പി അനുകൂല കൂട്ടായ്മയായ സിറ്റിസൺ ഫോർ ഡെമോക്രസി പ്രതീകാത്മക പാർലമെന്റ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ,രാഹുൽ ഗാന്ധി അടക്കം നേതാക്കളുടെ വേഷം കെട്ടിവന്ന യുവാക്കളാണ് പരിപാടിയിൽ പങ്കെടുത്ത് പ്രതിപക്ഷത്തെ പരിഹസിച്ചത്. പാർലമെന്‍റിനെ അകത്തും പുറത്തും ബി ജെ പി അവഹേളിക്കുന്നു എന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിപക്ഷത്തിന്‍റെ പ്രചാരണത്തിന് മറുനീക്കം ബി ജെ പി ശക്തമാക്കുകയാണെന്ന് സാരം.
ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യാസഖ്യം ഇന്ന് പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റി. ദില്ലിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. പരിപാടി നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദില്ലിയിൽ കനത്ത മഴയാണെന്നും മുതിർന്ന നേതാക്കൾക്ക് ഒരുപാട് സമയം മഴയത്ത് നിൽക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് രാഹുൽ കൂട്ടിച്ചേർത്തു. നവംബർ 1 ന് രാംലീല മൈതാനത്താണ് ഇന്ത്യ സഖ്യത്തിന്‍റെ അടുത്ത ഘട്ട പ്രതിഷേധം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ജനസമൂഹം രാംലീലയിലേക്ക് എത്തും. ഗ്യാനേഷിനെതിരായ പ്രതിഷേധം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും എല്ലാവരും അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. മറ്റന്നാളത്തെ ജനപങ്കാളിത്തം എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനകീയ കുറ്റവിചാരണ
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടക്കുന്ന പരസ്യ വിചാരണയില്‍ മുന്‍ ലോക് സഭ സ്പീക്കര്‍ മീരാ കുമാര്‍ പ്രതീകാത്മക സ്പീക്കറാകും. നാളെ ഉച്ചക്ക് ശേഷം രണ്ടരക്ക് നടപടികൾ തുടങ്ങും. മീരാകുമാര്‍ സ്പീക്കറാകുന്ന പ്രതീകാത്മക പാര്‍ലമെന്‍റില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങള്‍ പങ്കുവെക്കും. പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കര്‍ മീരാകുമാര്‍ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും. ഈ നിലയിലാകും പരിപാടി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





