പട്ന: മകന്‍ ഒളിച്ചോടി വിവാഹം ചെയ്തതിന് അമ്മയ്ക്ക് നേരിടേണ്ടി വന്നത് അതിരില്ലാത്ത ക്രൂരത. ബിഹാറിലെ ദര്‍ഭാംഗ ജില്ലയിലാണ് വീട്ടമ്മയെ മരുമകളുടെ വീട്ടുകാര്‍ വസ്ത്രമഴിച്ച് കയ്യേറ്റം ചെയ്തതിന് പിന്നാലെ തല മുണ്ഡനം ചെയ്തത്. മകന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തതോടെയാണ് ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീട്ടമ്മയെ ക്രൂരമായി അപമാനിച്ചത്. 

അയല്‍ വീട്ടിലെ പെണ്‍കുട്ടിയെയാണ് വീട്ടമ്മയുടെ മകന്‍ വിവാഹം ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെ മകളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹചിത്രങ്ങള്‍ ക്രൂരപീഡനത്തിന് ഇരയായ സ്ത്രീയുടെ മകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് മരുമകളുടെ വീട്ടുകാര്‍ വിവരമറിയുന്നത്. ക്ഷുഭിതരായ മരുമകളുടെ വീട്ടുകാര്‍ സ്ത്രീയുടെ വീട്ടിലെത്തിയാണ് കാട്ടുനീതി നടപ്പാക്കിയത്. 

നവംബര്‍ 14നാണ് മരുമകളുടെ വീട്ടുകാര്‍ വീട്ടമ്മയെ കയ്യേറ്റം ചെയ്തത്. വീട്ടമ്മയ്ക്കെതിരായ കയ്യേറ്റം വീഡിയോ എടുത്ത് ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. നവംബര്‍ 12നായിരുന്നു വീട്ടമ്മയുടെ മകന്‍റെ രഹസ്യ വിവാഹം. മരുമകളുടെ വീട്ടുകാര്‍ വീട്ടമ്മയെ ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിയ ശേഷം ഗ്രാമത്തിന് പുറത്താക്കിയെന്നാണ് ആരോപണം. എന്നാല്‍ നഗ്നയാക്കി നടത്തിയെന്ന ആരോപണം പൊലീസ് തള്ളിയതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടമ്മയുടെ തല മുണ്ഡനം ചെയ്തെന്ന് പൊലീസും വിശദമാക്കി. 

സ്ത്രീകള്‍ അടക്കമുള്ളവരാണ് വീട്ടമ്മയെ ആക്രമിച്ചതെന്നും പൊലീസ് വിശദമാക്കുന്നു. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പതിനെട്ടോളം പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പരാതിയുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.