രാജ്യത്ത് സമ്പൂർണ്ണ അടച്ചപൂട്ടൽ പ്രഖ്യാപിച്ച ശേഷം അനാവശ്യനായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശം അച്ഛൻ പാലിക്കുന്നില്ലെന്നാണ് മകന്‍റെ പരാതി.

ദില്ലി: ലോക്ക് ഡൗൺ നിയമം പാലിക്കാത്ത അച്ഛനെതിരെ പരാതി നല്‍കി മകന്‍. ദില്ലിയിലെ വസന്ത് വിഹാറിലാണ് 59കാരനായ അച്ഛനെതിരെ മകൻ പരാതി നൽകിയത്. മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തെക്ക്പടിഞ്ഞാറൻ ദില്ലിയിലെ വസന്ത് വിഹാറിലാണ് ലോക്ക് ഡൗൺ നിബന്ധനകള്‍ പാലിക്കാത്ത അച്ഛനെതിരെ മകൻ പരാതി നൽകിയത്.

 രാജ്യത്ത് സമ്പൂർണ്ണ അടച്ചപൂട്ടൽ പ്രഖ്യാപിച്ച ശേഷം അനാവശ്യനായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശം അച്ഛൻ പാലിക്കുന്നില്ലെന്നാണ് മുപ്പത് വയസ്സുകാരനായ മകന്‍ അഭിഷേക് അച്ഛൻ വിജേന്ദ്രസിങ്ങിനെതിരായി നൽകിയ പരാതിയിൽ പറയുന്നത്.

പ്രഭാതവ്യായാമം ഒഴിവാക്കണം എന്ന നിർദ്ദേശം അച്ഛന്‍ പാലിക്കുന്നില്ല. പലതവണ വാഹനത്തിൽ പുറത്ത് പോകുന്നു. ദില്ലിയിൽ അതിസങ്കീർണ്ണമായ സാഹചര്യം നിലനിൽക്കുമ്പോഴും പിതാവിന് ഈക്കാര്യം മനസ്സിലാകുന്നില്ലെന്നും ഇതിൽ വേണ്ട നടപടികൾ
സ്വീകരിക്കണമെന്നും പൊലീസിനോട് ആഭ്യർത്ഥിക്കുന്നുവെന്നുമായിരുന്നു മകന്‍റെ പരാതി. 

എന്തായാലും പരാതിയുടെ അടിസ്ഥാനത്തിൽ വിജേന്ദ്രസിങ്ങിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസും എടുത്തിട്ടുണ്ട്. അതെസമയം അടച്ചുപൂട്ടൽ ലംഘിച്ചതിന് ദില്ലിയിൽ ഇതുവരെ 4053 കേസുകൾ എടുത്തു. ഇന്നലെ മാത്രം 249 കേസുകൾ എടുത്തിതായി ദില്ലി പൊലീസ് അറിയിച്ചു. നിയമലംഘനം നടത്തിയതിന് 515 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.