മുംബൈ: സിനിമയില്‍ അഭിനയിക്കാനായി 38 വര്‍ഷ മുമ്പ് ഉപേക്ഷിച്ചെന്ന പരാതിയില്‍ അമ്മക്കെതിരെ ഒന്നരക്കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്‍. നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി 40കാരനായ ശ്രീകാന്ത് സബ്നിസാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ തന്നെ ഉപേക്ഷിച്ചതാണെന്നും പിന്നീട് സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഇയാളുടെ പരാതിയില്‍ പറയുന്നു. മുംബൈയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇയാള്‍. 

അമ്മ ആരതി മസ്കറിനും രണ്ടാനച്ഛനായ ഉദയ് മസ്കാറിനുമെതിരെയാണ് ഇയാള്‍ പരാതി നല്‍കിയത്. അമ്മ ഉപേക്ഷിച്ചത് മൂലം മാനസികമായും ശാരീകമായും ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നും കടുത്ത മാനസിക ആഘാതമുണ്ടായെന്നും ശ്രീകാന്തിന്‍റെ പരാതിയില്‍ പറയുന്നു. ആരതി നേരത്തെ ദീപക് സബ്നിസിനെ വിവാഹം കഴിച്ചിരുന്നു.

Read More: അഴിമതി വിരുദ്ധ പുസ്തകത്തിന്റെ പേരിൽ അറസ്റ്റ്

1979 ഫെബ്രുവരിയില്‍ പൂനെയില്‍ താമസിക്കുന്ന സമയത്താണ് ദമ്പതികള്‍ക്ക് ശ്രീകാന്ത് ജനിച്ചത്. 1981 ല്‍ സിനിമാ മോഹവുമായി മുംബൈയിലേക്ക് പുറപ്പെട്ട ആരതി മകനെ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിന് കൈമാറി. വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീകാന്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമയിലെത്തുകയായിരുന്നു.

2018 സെപ്തംബറില്‍ അമ്മയെക്കുറിച്ച് അറിഞ്ഞ് അവരുടെ നമ്പര്‍ സംഘടിപ്പിച്ച ശ്രീകാന്ത് ആരതിയോട് സംസാരിച്ചു. മകനാണെന്ന് പറഞ്ഞപ്പോള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും മറ്റ് മക്കളുടെ മുമ്പില്‍ നാണം കെടുത്തരുതെന്നും ആരതി ഇയാളോട് പറഞ്ഞു. ഇത് തനിക്ക് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നതിന് കാരണമായെന്ന് ശ്രീകാന്തിന്‍റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ജനുവരി 13നാണ് ശ്രീകാന്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.