മകന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കു കുടുംബാംഗങ്ങൾക്കും എതിരെ ഉയർന്ന ആരോപണങ്ങൾ മുൻ ഡിജിപി നിഷേധിച്ചു. മകൻ കഴിഞ്ഞ 18 വർഷമായി മയക്കുമരുന്നിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യം ബാധിച്ചുവെന്നുമാണ് മുഹമ്മദ് മുസ്തഫയുടെ വാദം.

ചണ്ഡിഗഡ്: മകന്‍റെ മരണവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ മുൻ ഡിജിപി മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുൻ മന്ത്രിയുമായ റസിയ സുൽത്താനയ്ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ മകന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കു കുടുംബാംഗങ്ങൾക്കും എതിരെ ഉയർന്ന ആരോപണങ്ങൾ മുൻ ഡിജിപി നിഷേധിച്ചു. മകൻ കഴിഞ്ഞ 18 വർഷമായി മയക്കുമരുന്നിന് അടിമയാണെന്നും മാനസികാസ്വാസ്ഥ്യം ബാധിച്ചുവെന്നുമാണ് മുഹമ്മദ് മുസ്തഫയുടെ വാദം. 35കാരനായ അഖിൽ അക്തർ മരണത്തിന് മുൻപ് റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകൾ പുറത്ത് വന്നതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ബ്യൂപ്രിനോർഫിൻ അമിത അളവിൽ കുത്തിവെച്ചാണ് മകൻ മരിച്ചതെന്ന് മുസ്തഫ പറയുന്നു. ലഹരിക്കടിമയായ മകനെ 2007 മുതൽ 18 വർഷം ചണ്ഡീഗഡിലെ പിജിഐഎംഇആർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും മകൻ വീണ്ടും മയക്കുമരുന്ന് ഉപയോഗം തുടങ്ങിയെന്ന് മുസ്തഫ പറയുന്നു. ഒരു തവണ വീടിന് തീയിടുക പോലും ചെയ്തിട്ടുണ്ടെന്ന് മുസ്തഫ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്റിപ്പോർട്ട് ചെയ്തു.

വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ മുസ്തഫ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നാല് തവണ നേടിയ വ്യക്തിയാണ്. 2018-ൽ പഞ്ചാബ് പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്‍റെ (എസ്‌ടി‌എഫ്) തലവനായും മുസ്തഫ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ റസിയ സുൽത്താന മലെർകോട്ട്ലയിൽ നിന്ന് മൂന്ന് തവണ എം‌എൽ‌എ ആയിരുന്നു. മകനും അഭിഭാഷകനുമായ അഖിൽ അക്തറിനെ ഒക്ടോബർ 16-ന് പഞ്ച്കുളയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒക്ടോബർ 20ന് കുടുംബത്തിന് പരിചമുള്ള ഷംസുദ്ദീൻ ചൗധരി എന്നയാളാണ് അഖിൽ അക്തറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയത്. മരണത്തിന് മുൻപ് അഖിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകളും പുറത്ത് വന്നു. തന്‍റെ ഭാര്യയ്ക്ക് പിതാവുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും തനിക്ക് വധഭീഷണിയുണ്ടെന്നുമെല്ലാമാണ് അഖിൽ വീഡിയോയിൽ പറഞ്ഞത്. താൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ മാനസിക അസ്വാസ്ഥ്യത്തേ തുടർന്നാണെന്ന് അഖിൽ വിശദമാക്കുന്ന പുതിയ വീഡിയോയും പുറത്ത് വന്നു. കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്നങ്ങൾകൊണ്ട് ചെയ്തതാണെന്നും തന്നോട് ക്ഷമിക്കണമെന്നും അഖിൽ ഇതിൽ പറയുന്നു.

മരണത്തിൽ ദുരൂഹതയൊന്നും സംശയിച്ചിരുന്നില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി കുടുംബത്തിന് വിട്ടുനൽകിയെന്നും ഡിസിപി ഗുപ്ത പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നുള്ള തരത്തിൽ വീഡിയോ പുറത്തുവന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി പറഞ്ഞു.