ലഖ്‍നൗ: ഭൂമിതർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാടത്തുവച്ച് ​ഗ്രാമത്തലവനും ആദിവാസി കർഷകരും ആദ്യം തർക്കം ഉടലെടുക്കുന്നതും പിന്നീട് ഇത് അക്രമത്തിലേക്ക് വഴി മാറുന്നതും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്ന വീഡിയോയിൽ കാണാം. വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും ശബ്ദങ്ങളും ഇതിൽ വ്യക്തമായി കേൾക്കാം.

വടിയും മറ്റ് ആയുധങ്ങളും ഉപയോ​ഗിച്ചാണ് അക്രമിസംഘം കർഷകരെ ക്രൂരമായി മർദ്ദിക്കുന്നത്. പൊലീസിനെ വിളിക്കൂ, എന്ന് യുവതി പറയുന്നതും വീഡിയോയിൽ കേൾക്കാം. ജൂലൈ 17-ന് ഏഴ് മണിക്കൂർ നീണ്ട സംഘർഷത്തിൽ മൂന്ന് സത്രീകളുൾപ്പെടെ 10 ആദിവാസി കർഷകരെയാണ് ഗ്രാമത്തലവൻ യാ​ഗ്യ ദത്തും ഇരുന്നൂറോളം വരുന്ന കൂട്ടാളികളും ചേർന്ന് വെടിവച്ചുകൊന്നത്.

വെടിവെപ്പിൽ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലമുറകളായി കൃഷി ചെയ്ത് വരുന്ന 36 ഏക്കർ ഭൂമി വിട്ട് നൽകില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് സ്ഥലത്ത് സംഘർഷം തുടങ്ങുന്നത്. 32 ട്രാക്‍റ്ററുകളിലായാണ് ​യാ​ഗ്യ ദത്തും കൂട്ടാളികളും തർക്കഭൂമിയിൽ എത്തിയത്.

പത്ത് വർഷം മുമ്പ് നാട്ടിലെ ഒരു പ്രമുഖ കുടുംബത്തിന്‍റെ പക്കൽനിന്നും താൻ ഈ സ്ഥലം വാങ്ങിയെന്ന് അവകാശപ്പെട്ടായിരുന്നു യാ​ഗ്യ ദത്ത് ആക്രമണം അഴിച്ചുവിട്ടത്. രണ്ടുവർഷം മുൻപ് ഭൂമി വിട്ട് നൽകുന്നത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ സംഘർഷം നിലനിന്നിരുന്നു.