ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും യോഗം ചേരുക. 17 പ്രതിപക്ഷ കക്ഷികള്‍ യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രതിപക്ഷം ചര്‍ച്ച ചെയ്യുക. ലോക്ക്ഡൗണിന്റെ മറവില്‍ ചില സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമത്തില്‍ അയവ് വരുത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. തൊഴിലുടമകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണ് ചില സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയും പ്രധാന ചര്‍ച്ചാവിഷയമാകും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഗുജറാത്ത്, ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നത്. തൊഴില്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ സംഘ്പരിവാര്‍ തൊഴിലാളി സംഘടനയായ ബിഎംഎസും രംഗത്തെത്തിയിരുന്നു. 

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെയും ഇടപെട്ടിരുന്നു. തൊഴിലാളികളില്‍ നിന്ന് റെയില്‍വേ പണം ഈടാക്കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് യാത്രാക്കൂലി നല്‍കാന്‍ സോണിയാ ഗാന്ധി പിസിസികളോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് റെയില്‍വേ ചാര്‍ജ്ജ് ഈടാക്കുന്നത് സബ്‌സിഡിയായി അംഗീകരിച്ചു. ദില്ലിയില്‍ രാഹുല്‍ ഗാന്ധി തൊഴിലാളികളോട് നേരിട്ട് സംവദിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ബസ് വിട്ടു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.