ദില്ലി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പൗരത്വ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി. മതത്തിന്‍റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് നിയമം ലക്ഷ്യമിടുന്നതെന്നായിരുന്നു സോണിയയുടെ വിമര്‍ശനം. പൗരത്വ നിയമത്തിന്‍റെ ലക്ഷ്യമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. പൗരത്വ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്കും ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്കും മനസിലാകുമെന്നും സോണിയ പറഞ്ഞു. 

'പല സംസ്ഥാനങ്ങളിലെയും നിലവിലെ അവസ്ഥ ഞെട്ടലുണ്ടാക്കുന്നതാണ്. ഉത്തര്‍പ്രദേശ്, ദില്ലി തുടങ്ങിയവ പൊലീസ് ഭരിക്കുന്ന സംസ്ഥാനങ്ങളായി മാറുകയാണ്'. ഉത്തര്‍പ്രദേശ്, ജാമിയ മിലിയ, ജെഎന്‍യു, ബനാറസ് ഹിന്ദു യൂണിവേഴ്‍സിറ്റി, അലഹബാദ് യൂണിവേഴ്‍സിറ്റി, ദില്ലി യൂണിവേഴ്‍സിറ്റി, ഗുജറാത്ത് യൂണിവേഴ്‍സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു തുടങ്ങിയിടത്ത് പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും സോണിയ ഗാന്ധി പറഞ്ഞു. 

'പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണം. ആക്രമിക്കപ്പെട്ട ആളുകള്‍ക്ക് നീതി ലഭിക്കണം'. എന്‍ആര്‍സിയുടെ മറ്റൊരു രൂപമാണ് എന്‍പിആറെന്നും എൻപിആർ നടപടികൾ നിർത്തി വെയ്ക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നാല്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയെന്ന വ്യാജ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സോണിയ പറഞ്ഞു.