ദില്ലി/മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ഒഴിവാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശിവസേനയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവസേനക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ശിവസേന-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ശിവസേനയുമായി യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. പദവികള്‍ തുല്യമായി വീതിക്കണമെന്നും മുഖ്യമന്ത്രി പദം രണ്ടര വര്‍ഷം വീതം വെക്കണമെന്നുമാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, ശിവസേനയുടെ ആവശ്യങ്ങളോട് അനുകൂലമായല്ല ബിജെപി പ്രതികരിച്ചത്.