Asianet News MalayalamAsianet News Malayalam

'ഓരോ എംഎല്‍എമാരോടും സംസാരിക്കണം', രാജസ്ഥാന്‍ പ്രതിസന്ധിയില്‍ വിശദ റിപ്പോര്‍ട്ട് തേടി സോണിയ ഗാന്ധി

ഓരോ എംഎല്‍എമാരോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Sonia Gandhi seeks report from AICC observers on Rajasthan crisis
Author
First Published Sep 26, 2022, 6:56 PM IST

ജയ്‍പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ എ ഐ സി സി നിരീക്ഷകരോട് റിപ്പോര്‍ട്ട് തേടി സോണിയ ഗാന്ധി. ഓരോ എം എല്‍ എ മാരോടും സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സോണിയ ഗാന്ധി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്നലെ രാത്രിയുണ്ടായ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തിയാണ് നിരീക്ഷകര്‍ക്കുള്ളത്. സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ അശോക് ഗെലോട്ട് വെല്ലു വിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ രാത്രി ജയ്പൂരില്‍ അരങ്ങേറിയത് ഗെലോട്ടിന്‍റെ തിരക്കഥയായിരുന്നു എന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അജയ് മാക്കനും സോണിയ ഗാന്ധിയെ ധരിപ്പിച്ചത്.

ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് ഗെലോട്ട് പച്ചക്കൊടി കാട്ടിയെന്നാണ് ഉയരുന്ന വിമര്‍ശനം. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കന്‍ അവഗണിച്ചത് ഹൈക്കമാന്‍ഡിന്‍റെ കടുത്ത പ്രതിഷേധത്തിന്‍റെ വ്യക്തമായ സൂചനയാണ്. ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എ ഐ സി സി നിരീക്ഷകരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എം എല്‍ എ മാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു. 

ഇതോടെ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമല്‍നാഥിന്‍റെ പേര് വീണ്ടും അധ്യക്ഷ ചര്‍ച്ചകളിലേക്ക് എത്തിയിരിക്കുകയാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളും കേള്‍ക്കുന്നു. അതേസമയം 92 എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സച്ചിന്‍ പൈലറ്റിന്‍റെ  വരവ് ഏതാണ്ട് അടഞ്ഞുകഴിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍  ശ്രമിച്ചുവെന്ന ആക്ഷേപം എ ഐ സി സി നിരീക്ഷകര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച ഗെലോട്ട് സച്ചിന്‍ പൈലറ്റിനായി സ്ഥാനമൊഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു

 
 

Follow Us:
Download App:
  • android
  • ios