ദില്ലി: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് കക്ഷികളുമായുള്ള സഖ്യം വേണോ എന്നതിൽ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ട് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ ഇടത് കക്ഷികളുമായി ധാരണ വേണമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. 

വരാനിരിക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ സഖ്യമാകാമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസ് മനസ് തുറന്നിട്ടില്ല. ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ ര‍ഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗം കോണ്‍ഗ്രസ് സഖ്യത്തില്‍ ഇതിനോടകം താല്‍പര്യം അറിയിച്ചിട്ടുണ്ട്.  

സംസ്ഥാന ഘടകം രാഹുല്‍ഗാന്ധിയെ നിലപാട് അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തീരുമാനിക്കട്ടെയെന്നായിരുന്നു രാഹുലിന്‍റെ മറുപടി. സംസ്ഥാനഘടകത്തിലെ ചില നേതാക്കള്‍ തൃണമൂലിലേക്ക് പോയാലുണ്ടാകാവുന്ന തിരിച്ചടിയും അധിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഇടത് സഖ്യത്തില്‍ ഒരാഴ്ചക്കുള്ളില്‍  തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

ബിഹാറിലെ  മോശം പ്രകടനം ബംഗാളില്‍  കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ 92 സീറ്റില്‍ മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തില്‍ ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായമെങ്കിലും ജയസാധ്യതയുള്ള സീറ്റുകൾ 
പരിഗണിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടെന്നാണ് സൂചന. 

അതേ സമയം മമത ബാനര്‍ജിയോടിടഞ്ഞ്  തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തി നില്‍ക്കുന്ന സുവേന്ദു അധികാരിയെ ചാക്കിലാക്കാന്‍ ബിജെപി കേന്ദ്ര നേതാക്കള്‍ തന്നെ നേരിട്ട് ഇടപെടുകയാണ്. ചര്‍ച്ചക്കിരിക്കാമെന്ന ബിജെപിയുടെ ക്ഷണത്തോട്  സുവേന്ദു പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ബംഗാളിലെ നിര്‍ണ്ണായകമായ നാല്‍പതോളം മണ്ഡലങ്ങളില്‍ സ്വാധീനമുള്ള സുവേന്ദു അധികാരിയെ അനുനയിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്.